ബജറ്റിന്റെ മലയാളി മണവും ക്ലോക്ക് തിരിച്ച വാജ്പേയിയും; ബജറ്റിന് 150 വയസ്സ്: അക്കഥ

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കാനിരിക്കെ ഒട്ടേറെ പ്രത്യേകതകളാണ് ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടുന്നത്. ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ചരിത്രത്തിലിടം നേടും. ബജറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ മുഴുവന്‍ സമയ വനിതാ ധനമന്ത്രിയെന്ന മാറ്റിയെഴുതാനാകാത്ത റെക്കാഡും നിര്‍മലയുടെ പേരിലാകും.

ഇതിനെല്ലാം പുറമേ ചരിത്രം നമുക്കായി കാത്തുവച്ചിരിക്കുന്ന മറ്റൊരു കൗതുകം കൂടിയുണ്ട്. ഇന്ത്യാമഹാരാജ്യം ബജറ്റ് കണ്ടുതുടങ്ങിയിട്ട് 150 വര്‍ഷമാകുന്നുവെന്ന മഹത്തരമായ കൗതുകം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റിനും റിപ്പബ്ളിക്കായ ഇന്ത്യയുടെ ആദ്യ ബജറ്റിനും മലയാളി മണമുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. 

ബ്രിട്ടീഷ് ഭരണകാലത്ത് 1869 ഫെബ്രുവരി 18ന് ജെയിംസ് വില്‍സണ്‍ ആണ് ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതിപ്പിച്ചത്. കാനിങ് പ്രഭു വൈസ്രോയി ആയിരിക്കെ ധനവകുപ്പിന്റെ ചുമതലവഹിച്ചിരുന്ന ജെയിംസ് വില്‍സണ്‍ സ്കോട്ട്ലാന്‍‍ഡ് സ്വദേശിയായിരുന്നു. ആദായനികുതി അടക്കം ഒട്ടേറെ നികുതികള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ബ‍ജ്റ്റായിരുന്നു ജെയിംസ് വില്‍സണിന്റെത്. 

∙ ഇന്ത്യയ്‍ക്കും പാക്കിസ്ഥാനും ഒരേ കറന്‍സി

1947 ഓഗസ്റ്റ് 14ന് പാക്കിസ്ഥാനും 14ന് അര്‍ധരാത്രി അഥവാ 15ന് ഇന്ത്യയും സ്വതന്ത്രരാജ്യങ്ങളായി രൂപംകൊണ്ടു. ജവഹര്‍ലാല്‍നെഹ്‍റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായപ്പോള്‍ ആര്‍.കെ. ഷണ്‍മുഖം ചെട്ടി ധനമന്ത്രിയായി. രാജ്യം സ്വതന്ത്രയായി മൂന്ന് മാസം കഴിഞ്ഞ് നവംബര്‍ 26നാണ് ഷണ്‍മുഖം ചെട്ടി ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.

1947 ഓഗസ്റ്റ് 15 മുതല്‍ 1948 മാര്‍ച്ച് 31വരെയുള്ള കാലയളവിലേക്കുള്ള ബജറ്റായതിനാല്‍ സമ്പൂര്‍ണ ബജറ്റായി അതിനെ കണക്കാക്കിയിരുന്നില്ല. 1948 സെപ്റ്റംബര്‍ വരെ ഇന്ത്യയും പാക്കിസ്ഥാനും ഒരേ കറന്‍സി ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചതും ആദ്യ ബജറ്റിലാണ്. 1935 മുതല്‍ ആറ് വര്‍ഷക്കാലം കൊച്ചി ദിവനായിരുന്നതാണ് ഷണ്‍മുഖം ചെട്ടിയുടെ മലയാളിബന്ധം. ഡല്‍ഹിയിലെ കൊച്ചിന്‍ഹൗസ് (ഇന്നത്തെ കേരളാഹൗസ്) വാങ്ങിയതും ഷെട്ടി െകാച്ചി ദിവാനായിരിക്കെയാണ്. 

∙ബജറ്റ് വായിക്കാത്ത മത്തായി 

ഇന്ത്യയുടെ രണ്ടാമത്തെ ധനമന്ത്രി ജോണ്‍ മത്തായി മലയാളിയായിരുന്നു. 1947 –48 കാലത്ത് റയിൽവേ, ഉപരിതലഗതാഗത വകുപ്പുകള്‍ കൈകാര്യം ചെയ്ത ജോണ്‍ മത്തായി, 1949ല്‍ ധനമന്ത്രിയായി. 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ളിക്കായി. റിപ്പബ്ളിക്കായ ഇന്ത്യയുടെ ആദ്യ ബജറ്റ്  ഫെബ്രുവരി 28ന്  മത്തായി അവതരിപ്പിച്ചു. ജോൺ മത്തായി ബജറ്റ് പ്രസംഗം വായിച്ചില്ല. പകരം അംഗങ്ങൾക്ക് എല്ലാ വിവരങ്ങളും

അടങ്ങുന്ന ധവളപത്രം നൽകി. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളായ ആസുത്രണ കമ്മിഷന് രൂപം നൽകുന്നതും പഞ്ചവത്സര പദ്ധതികളുടെ തുടക്കവും മാത്രം പ്രസംഗത്തിൽ പരാമർശിച്ചു. ബജറ്റ് പ്രസംഗത്തിന് പകരം സാമ്പത്തിക നയത്തെക്കുറിച്ച് വിശദമായി പ്രസംഗിച്ചു. അങ്ങനെയും മത്തായി ചരിത്രത്തിലിടംപിടിച്ചു. 

ജോൺ മത്തായി

മന്ത്രിസ്ഥാനം ഒഴിഞ്ഞ മത്തായി 1955ൽ സ്ഥാപിക്കപ്പെട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രഥമ ചെയർമാനായി. 1955 – 1957 കാലത്ത് മുംബൈ സർവകലാശാലയുടെ വൈസ് ചാൻസലറായും 1957​-59 കാലത്ത്

കേരള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായും പ്രവര്‍ത്തിച്ചു. സാമൂഹ്യപ്രവര്‍ത്തകയായിരുന്ന ഭാര്യ അച്ചാമ്മ മത്തായിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഇന്ത്യയുടെ പാൽക്കാരൻ എന്ന് അറിയപ്പെടുന്ന ധവള വിപ്ളവത്തിന്റെ പിതാവ് വർഗീസ് കുര്യൻ മത്തായിയുടെ അനന്തരവൻ ആണ്.

നെഹ്‌റുവിന്റെ ആദ്യ മന്ത്രിസഭയിലെ 14 അംഗങ്ങളിൽ ജോൺ മത്തായി ഉൾപ്പെടെ അഞ്ച് പേർ കോൺഗ്രസുകാരായിരുന്നില്ല. ഭരണഘടനാ ശില്പി ബി.ആർ.അംബേദ്കർ, ശ്യാമ പ്രസാദ് മുഖർജി, സി.എച്ച്.ബാബ, ഷൺമുഖം ചെട്ടി എന്നിവരായിരുന്നു മറ്റ് നാല് പേർ.

∙ജന്മദിനത്തില്‍ ബജറ്റ്

ഓരോ വര്‍ഷവും വയസ് കൂടുമെങ്കിലും മുന്‍ പ്രധാമന്ത്രി മൊറാര്‍ജി ദേശായിക്ക് നാല് വര്‍ഷം കൂടുമ്പോഴെ ജന്മദിനം ആഘോഷിക്കാനാകുമായിരുന്നുള്ളു. ആധിവര്‍ഷത്തിലെ ഫെബ്രുവരി 29ന് ജനിച്ച മൊറാര്‍ജിക്ക് ധനമന്ത്രിയായിരിക്കെ രണ്ടുതവണ ജന്മദിനത്തില്‍ ബജറ്റ് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. 1964ലും 1968ലും ഫെബ്രുവരി 29ന് ജന്മദിനത്തില്‍ മൊറാര്‍ജി ബജറ്റ് അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോഡും മൊറാര്‍ജിക്ക് സ്വന്തം–പത്തു തവണ.

∙ ഹല്‍വയും ബജറ്റും

ബജറ്റിനും ഹല്‍വയ്‍ക്കും തമ്മില്‍ ബന്ധമുണ്ടോ? സംശയിക്കേണ്ട. ഉണ്ട്. ബജറ്റ് അച്ചടി തുടങ്ങുന്നതിന് മുന്‍പ് കേന്ദ്രധനമന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി ഹല്‍വ പാചകം ചെയ്യും. കേന്ദ്ര സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ബ്ളോക്കിലെ ധനമന്ത്രാലയത്തില്‍ വച്ചാണ് കാലാകാലങ്ങളായുള്ള ഈ അപൂര്‍വ ചടങ്ങ്. ബജറ്റിന്റെ രഹസ്യസ്വഭാവവും പ്രാധാന്യവും വിളിച്ചോതുന്ന ചടങ്ങ് ഹല്‍വ സെറിമണി എന്ന് അറിയപ്പെടുന്നു. മധുരം വിളമ്പുന്ന ഈ സന്തോഷ ചടങ്ങിന് ഒരു ദുഃഖവശം കൂടിയുണ്ട്. 

മധുരം നുകര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അച്ചടിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്കും ബജറ്റ് വെളിച്ചം കാണും വരെ പുറംലോകം കാണാനാവില്ല. താമസം നോര്‍ത്ത് ബ്ളോക്കില്‍. കുടുംബവുമായി ഫോണിലോ ഇമെയിലോ പോലും ബന്ധപ്പെടാനാവില്ല. ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് വീട്ടിലേക്ക് പോകാന്‍ അനുമതി.

1950വരെ രാഷ്ട്രപതി ഭവനിലായിരുന്നു ബജറ്റ് അച്ചടിച്ചിരുന്നത്. അവിടെ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതോടെ മിന്റോ റോഡിലെ സര്‍ക്കാര്‍ പ്രസ്സിലേക്ക് മാറി. 1980ന് ശേഷം മന്ത്രാലയം സ്ഥിതിചെയ്യുന്ന നോര്‍ത്ത് ബ്ളോക്കിലെ ബേസ്മെന്റിലെ പ്രസ്സിലാണ് അച്ചടി. 

∙ ക്ലോക്ക് തിരിച്ച് വാജ്പേയി

1999 വരെ വൈകിട്ട് അഞ്ച് മണിക്കായിരുന്നു ബജറ്റ് അവതരണം. ബ്രിട്ടണിലെ പകല്‍ കണക്കാക്കിയായിരുന്നു ഇത്. 1999ല്‍ എ.ബി.വാജ്‍പേയി പ്രധാനമന്ത്രിയായിരിക്കെ സമയം രാവിലെ 11ലേക്ക് മാറ്റി. അങ്ങനെ സമയം മാറിയ ബജറ്റ് അവതരിപ്പിക്കാന്‍ അന്നത്തെ ധനമന്ത്രി യശ്വന്ത് സിന്‍ഹയ്‍ക്ക് അവസരം ലഭിച്ചു. 

യശ്വന്ത് സിൻഹ

∙ കലണ്ടര്‍ മാറ്റി മോദി

ഫെബ്രുവരിയിലെ അവസാന ദിവസത്തിലായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. പദ്ധതി നടത്തിപ്പ് വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ ഇത് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയ മോദി 2017 മുതല്‍ ഇത് നടപ്പാക്കി. 2017 ഫെബ്രുവരി ഒന്നിന് കാലം മാറിയ ആദ്യ ബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി അവതരിപ്പിച്ചു. 92 വര്‍ഷം പഴക്കമുള്ള റയില്‍വേ ബജറ്റ് പൊതു ബജറ്റിനൊപ്പം ലയിപ്പിച്ചതും ഇതേ വര്‍ഷം.

അരുൺ ജെയ്റ്റ്ലി

∙ രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും

ധനമന്ത്രിമാരായിരിക്കെ ബജറ്റ് അവതരിപ്പിച്ച ആര്‍.വെങ്കിടരാമനും പ്രണബ് മുഖര്‍ജി പില്‍ക്കാലത്ത് രാഷ്ട്രപതിമാരായപ്പോള്‍ പ്രധാനമന്ത്രിമാരായിരിക്കെ ജവഹര്‍ലാല്‍ നെഹ്‍റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ബജറ്റ് അവതരിപ്പിച്ചു. 1958-59 വര്‍ഷത്തെ ബജറ്റാണ് നെഹ്‍റു അവതരിപ്പിച്ചത്.

മൊറാര്‍ജി ദേശായിയുടെ രാജിയെത്തുടര്‍ന്ന് 1970ല്‍ ബജറ്റ് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് ധനമന്ത്രിയുടെ അധികചുമതല വഹിച്ച പ്രധാനമന്ത്രികൂടിയായ ഇന്ദിരാഗാന്ധിക്ക്. അങ്ങനെ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിതയായി ഇന്ദിര. 1987ലെ ബജറ്റാണ് രാജീവ് അവതരിപ്പിച്ചത്. 

∙ വിലകൂടുന്നവയും വിലകുറയുന്നവയും

ബജറ്റില്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്ന പ്രധാന ഇനമായിരുന്നു വിലകൂടുന്ന വസ്തുക്കളുടെയും വിലകുറയുന്ന ഉല്‍പ്പന്നങ്ങളുടെയും വിവരങ്ങള്‍. 2017 ജൂലൈ ഒന്നിന് ജി.എസ്.ടി നിലവില്‍ വന്നതോടെ ഇത് ബജറ്റിന്റെ ഭാഗമല്ലാതായി.