'‌മുമ്പൊരിക്കലും ഇല്ലാത്ത പ്രത്യേകതകൾ'; ബജറ്റിന് കാതോർത്ത് രാജ്യം; 10 പോയിന്റുകൾ

രാജ്യം ഇന്ന് ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. മുമ്പൊരിക്കലും ഇല്ലാത്ത വിധം പ്രത്യേകതകളുള്ള ബജറ്റായിരിക്കുമോ അതോ കഴിഞ്ഞ വർഷങ്ങളിൽ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ അവതരിപ്പിച്ച മിനി ബജറ്റിന്റെ തുടർച്ചയാകുമോ ഇന്ന് ഉണ്ടാകുക എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. പ്രതിസന്ധികള്‍ അനേകമാണ്. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരി, കർഷക പ്രക്ഷോഭം, അയൽ രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലെ വിള്ളൽ എന്നിവ മൂലമുണ്ടായിരിക്കുന്ന ഭീമമായ കടബാധ്യതകൾ തീർക്കാൻ എന്തെല്ലാം കടുത്ത തീരുമാനങ്ങളാകും ഉണ്ടാകുക എന്ന ആശങ്കയും നിലനിൽക്കുന്നു.

ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് ചർച്ചയാകുന്ന 10 പോയിന്റുകൾ: 

1 നരേന്ദ്ര മോദി സർക്കാരിന് കീഴിൽ 9-ാമത്തെ ബജറ്റാണ് നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കുന്നത്. അഭൂതപൂർവമായ ബജറ്റെന്ന ധനമന്ത്രി ഉറപ്പു പറയുമ്പോഴും 2020-ൽ പ്രഖ്യാപിച്ച 4, 5 മിനി ബജറ്റുകളുടെ തുടർച്ചയാകുമെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകിയത്.

2 സമ്പദ്‍വ്യവസ്ഥയെ അതിജീവന മോഡലിൽ നിന്ന് പുനരുജ്ജീവന മോഡലിലേക്കാകും ബജറ്റ് പ്രഖ്യാപനം ഉയർത്തുക എന്നാണ് വിദഗ്ധർ പറയുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 7.7 ശതമാനം ഇടിവാണ് സാമ്പത്തിക രംഗത്ത് ഉണ്ടായത്.  ‌ ഏപ്രിലിൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ 11 ശതമാനം വളർച്ചാ നിരക്കുണ്ടാകുമെന്ന പ്രവചനങ്ങൾ നിറവേറ്റുന്നതിനായാണ് പദ്ധതി.

3 മഹാമാരിക്ക് മുമ്പ് തന്നെ മന്ദഗതിയിലായിരുന്നു സമ്പദ് വ്യവസ്ഥയ്ക്ക് 11 വർഷത്തെ ഏറ്റവും വലിയ കൂപ്പു കുത്തലാണ് കോവിഡ് 19 മൂലം സംഭവിച്ചത്. ഈ സാഹചര്യത്തിൽ നൂതന പദ്ധതിളുടെ ആവിഷ്ക്കാരമാണ് ആവശ്യം. പഴയ പദ്ധതികളെ പുതിയ ബോട്ടിലിലാക്കി അവതരിപ്പിക്കുകയല്ല.

4 അടിസ്ഥാന സൗകര്യങ്ങൾക്കും ആരോഗ്യ സംരക്ഷണത്തിനും ഊന്നൽ നൽകിക്കൊണ്ട് കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം കൂടുതൽ ചെലവഴിക്കുക, ശരാശരി നികുതിദായകന്റെ കൈയിൽ കൂടുതൽ പണം നിക്ഷേപിക്കുക, വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള നിയമങ്ങൾ ലഘൂകരിക്കുക എന്നിവ പ്രധാന അജണ്ടയായി വരുമെന്ന് പ്രതീക്ഷിക്കാം. 

5 അടുത്ത നാല് വർഷത്തിനുള്ളിൽ ആരോഗ്യ മേഖലയിലെ ചെലവ് മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 4 ശതമാനമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ സംരക്ഷണ ചെലവ് ഇരട്ടിയാക്കാനാണ് സർക്കാർ സാധ്യതയെന്നും മഹാമാരി സമ്മാനിച്ച പോരായ്മകൾ പരിഹരിക്കാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പുതിയ പദ്ധതിക്ക് ധനസഹായം നൽകുന്നതിന് നിലവിലെ വരുമാനത്തിന്റെ ഒരു ശതമാനത്തിൽ നിന്നും കോർപ്പറേറ്റ് നികുതിയിൽ നിന്നും ആരോഗ്യനികുതി വർദ്ധിപ്പിക്കാനും സർക്കാരിന് കഴിയും.

6 റിയൽ എസ്റ്റേറ്റ്, ഏവിയേഷൻ, ടൂറിസം, ഓട്ടോകൾ തുടങ്ങിയ മഹാമാരി ബാധിത മേഖലകൾക്കായി ചില നികുതി ഇളവ് നടപടികൾ ധനമന്ത്രി അവതരിപ്പിക്കുമെന്ന് കോർപ്പറേറ്റുകളും വ്യവസായ ചേംബറുകളും പ്രതീക്ഷിക്കുന്നു. ഉപഭോക്തൃ വികാരം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിനും ചെറുകിട വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കും നികുതി ഇളവ് നൽകുന്നതും സർക്കാർ പരിഗണിക്കേണ്ടതുണ്ടെന്ന്  വിദഗ്ധർ വിശകലനം ചെയ്യുന്നു. 

7 എന്നാൽ, ധനക്കമ്മി വർധിപ്പിക്കുന്നതിനുള്ള നടപടികൾ നടപ്പു സാമ്പത്തിക വർഷത്തിൽ 7 ശതമാനത്തിലധികമാകുമെന്ന് പലരും പ്രതീക്ഷിക്കുന്നു, ഇത് നിയമം അനുശാസിക്കുന്ന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്.

8 നടപ്പുവർഷത്തിന്റെ നിലവാരത്തകർച്ചയിലായ അടിത്തറയിലും ജനുവരിയിലെ ജിഎസ്ടി വരുമാനം റെക്കോഡ് ഉയരത്തിലെത്തുമെന്ന പ്രതീക്ഷയും അടുത്ത മാസങ്ങളിൽ നികുതി പിരിവിലെ കുതിച്ചുചാട്ടവും, ഉയർന്ന നിലവാരമുള്ള നിരവധി വസ്തുക്കളുടെ ഇറക്കുമതി തീരുവ ഉയർത്തുന്നതും ധനമന്ത്രിക്ക് കുറച്ച് ആസ്വാസം നൽകും.

9 ഊർജ്ജം, ഖനനം, ബാങ്കിങ് എന്നീ മേഖലകളിൽ ഒരു കൂട്ടം കമ്പനികളെ സ്വകാര്യവൽക്കരിക്കുന്നതിൽ നിന്നും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ പോലുള്ള വൻകിട കമ്പനികളുടെ ന്യൂനപക്ഷ ഓഹരികൾ വിൽക്കുന്നതിലൂടെയും സർക്കാർ ധനസമാഹരണത്തിന് സാധ്യതയുണ്ട്. ബാങ്കിംഗ് മേഖലയിലെ ആവർത്തിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികളും നിർമല സീതാരാമൻ പ്രഖ്യാപിച്ചേക്കും.

10 കൊറോണ വൈറസ് വാക്സിനേഷൻ പ്രോഗ്രാമിനുള്ള ചിലവാണ് ബജറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ നോക്കുന്നത്. ആരോഗ്യ പ്രവർത്തകർ, മുതിർന്ന പൊരന്മാർ എന്നിവർ ഒഴികെയുള്ളവരുടെ വാക്സീനേഷൻ എപ്പോഴാകും നടപ്പാക്കുക, ചിലവ് എത്ര എന്നതാണ് ബജറ്റിൽ സാധാരണ ജനം ഉറ്റുനോക്കുന്നത്. .