കുഞ്ഞു പുഞ്ചിരിക്കായ് ‘ക്വാജാ’ റെസിപ്പി; ഐടി ഉപേക്ഷിച്ച് പാചകരംഗത്ത്

ലോകഭക്ഷ്യദിനത്തില്‍ വളരെ വ്യത്യസ്തനായ ൊരാളെ പരിചയപ്പെടാം. ഹൈദ്രാബാദുകാരന്‍ക്വാജാ മൊയിനുദ്ദീന്‍. െഎ.ടി ജോലി ഉപേക്ഷിച്ച് പാചകവീ‍ഡിയോകള്‍ ഉള്‍പ്പെടുത്തിയ യൂട്യൂബ് ചാനല്‍ നടത്തുന്നു. ആ ചാനലിനിപ്പോള്‍ ലോകമെമ്പാടും 7 ലക്ഷത്തിലധികം വരിക്കാര്‍. മൊയിനുദ്ദീന്‍ എന്തിനാണിത് തു‍ടങ്ങിയതെന്ന് നോക്കാം.

നവാബ്സ് കിച്ചൻ,ഫൂഡ് ഫോർ ആൾ ഓർഫൻസ്  ഇങ്ങനെ തുടങ്ങുന്ന ഒരു യുട്യൂബ് ചാനൽ. ഈ വരികളിലുണ്ട് എല്ലാം. വീഡിയോ തുടങ്ങുന്നത് തന്നെ വെള്ളകുര്‍ത്തയും പൈജാമയുമണിഞ്ഞ് ചിരിച്ച്കൊണ്ട് പാചകം ചെയ്യാന്‍ തുടങ്ങുന്ന മൊയിനുദ്ദീനിൽ നിന്നാണ്. 9ഉം 10ഉം മണിക്കൂര്‍ എസിയില്‍ ജോലിചെയ്തിരുന്ന ഇദ്ദേഹം ഇപ്പോള്‍ 12 13 മണിക്കൂര്‍ വെയിലിലും തണുപ്പിലും ഒക്കെയിരുന്ന് പാചകവീഡിയോകള്‍ എടുക്കുന്നത് കുഞ്ഞുമുഖങ്ങളിലെ പുഞ്ചിരി കാണാനാണ്. ഒരു നേരമെങ്കീലും അവരുടെ കുഞ്ഞുവയര്‍ സംതൃപ്തിയോടെ നിറയാനാണ്. 

പാചകം ചെയ്യുന്ന രുചികരമായ ഭക്ഷണം റെസിപ്പി ആയി നമ്മളിലേക്കും ഉണ്ടാക്കുന്ന ഭക്ഷണമത്രയും പോകുന്നത് അനാഥാലയങ്ങളിലേക്കുമാണ്. മൊയിനുദ്ദീനൊപ്പം ഒരു സുഹൃത്സംഘം തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നു. ഒാരോ മാസവും 1200 കുഞ്ഞുങ്ങള്‍ക്കെങ്കിലും ഇവര്‍ ഭക്ഷണമെത്തിക്കുന്നു. അതിനായി യുട്യൂബ് ചാനൽ വഴി ഒാരോ ആഴ്ചയും രണ്ടോ മൂന്നോ വീഡിയോകള്‍ പോസ്റ്റ് ചെയ്യും. 39കാരനായ മൊയിനുദ്ദീന് പാചകം ഹരമാണ്. ഒരിക്കല്‍ ട്രെയിൻ യാത്രക്കിടെ കൊൽക്കത്ത റെയിൽവെ സ്റ്റേഷനില്‍ കണ്ട ദാരുണമായ ഒരു കാഴ്ച.ആരോ വലിച്ചെറിഞ്ഞ ഒരെച്ചില്‍ ഭക്ഷണപ്പൊതിക്കായി ഒരു നായയോടൊപ്പം കടിപിടി കൂടുകയാണ് 2കൊച്ചുകുട്ടികള്‍. വലിയചരുവം നിറയേ ബിരിയാണിയും മട്ടന്‍കറിയുമൊക്കെയായി നിറഞ്ഞചിരിയോടെ ഒാരോ അനാഥാലയങ്ങളിലേക്കും കയറിച്ചെല്ലാന്‍ മൊയിനുദ്ദീനെ പ്രേരിപ്പിച്ചത് ഈ കാഴ്ചയാണ്. ഒാരോ പോസ്റ്റുകള്‍ കഴിയും തോറും കൂടുന്ന വരിക്കാരുടെ എണ്ണമാണ് മൊയിനുദ്ദീന്റെ പ്രചോദനം.