അഭിജിത്ത് ബാനര്‍ജിയുടെ വിജയവും കോണ്‍ഗ്രസിന്റെ പരാജയവും

‘വ്യാജ വാഗ്ദാനമല്ല, പ്രായോഗിക വാഗ്ദാനം’, രാജ്യം തിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കവേ ന്യൂനതം ആയ് യോജന അഥവാ ന്യായ് അവതരിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. പ്രകടന പത്രിക പുറത്തിറക്കും മുമ്പ് പ്രത്യേക വാർത്താ സമ്മേളനം വിളിച്ചാണ് രാഹുൽ ഗാന്ധി ന്യായ് രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചത്.

എന്താണ് ന്യായ് ? ദാരിദ്ര്യത്തിനു മേലുള്ള സർജിക്കൽ സ്ട്രൈക്ക്, ഒറ്റ വാചകത്തിൽ രാഹുൽ പറഞ്ഞു. അടിസ്ഥാന വരുമാനം ഓരോ പൗരന്റെയും അവകാശം എന്നതാണ് ന്യായിന്റെ അടിസ്ഥാനം. യുപിഎ അധികാരത്തിലെത്തിയാൽ ഓരോ പൗരന്റയും അടിസ്ഥാനവരുമാനം 12000 എന്ന് ഉറപ്പിക്കും. പ്രതിവർഷം 72,000 രൂപ.

ഇതിന് സർക്കാർ നേരിട്ട് പണം അക്കൗണ്ടുകളിലേക്ക് നൽകും. എഐസിസി ഓഫീസിൽ തിങ്ങിനിറഞ്ഞ മാധ്യമ പ്രവർത്തകർ നെറ്റിചുളിച്ചു. ചിലർ അടക്കിച്ചിരിച്ചു.

ചിലർ സഗൗരവം ചോദിച്ചു, രാജ്യത്തെ 20% ജനങ്ങക്ക് 6000 രൂപ വച്ച് കൊടുക്കാൻ പണം എവിടെ നിന്ന് കിട്ടും..? കണ്ടെത്താനുള്ള വഴികൾ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരുമായി സംസാരിച്ചാണ് പദ്ധതി തയാറാക്കിയത്– രാഹുലും പി.ചിദംബരവും വാദിച്ചു.

ആരാണ് ഈ സാമ്പത്തിക വിദഗ്ധർ ?

തോമസ് പിക്കെറ്റിയും അഭിജിത്ത് ബാനര്‍ജിയും

തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു മാസം മാത്രം ബാക്കി നിൽക്കെ അവതരിപ്പിച്ച സ്വപ്ന പദ്ധതി ന്യായ് എന്താണെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം പോലും മനസിലാക്കും മുമ്പേ ഇന്ത്യ പോളിങ് ബൂത്തിലെത്തി. പണം കണ്ടെത്താനാവില്ലെന്ന് കേരള ധനമന്ത്രി ഡോ. തോമസ് ഐസക് ഉറപ്പിച്ചു പറഞ്ഞു. പണമെറിഞ്ഞ് വോട്ടുപിടിക്കാനുള്ള തട്ടിപ്പെന്ന് ബിജെപി ആഞ്ഞു പറഞ്ഞു. 

പുൽവാമയ്ക്ക് പിന്നാലെ ബാലാക്കോട്ടെത്തി. രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വവും പച്ചക്കൊടി വിവാദവും മുഴച്ചു നിന്നു. ന്യായ് പിൻബഞ്ചിലായി. കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങി. പ്രായോഗിക രാഷ്ട്രീയത്തിലെ ദൗർബല്യം പാർട്ടി ഒരിക്കൽ കൂടി വ്യക്തമാക്കി.

ദരിദ്രരിൽ ദരിദ്രരെ സഹായിക്കുന്ന സാമ്പത്തിക ശാസ്ത്രം, അതാണ് അഭിജിത്ത് ബാനര്‍ജിയും തോമസ് പിക്കറ്റിയും രാഹുൽ ഗാന്ധിക്ക് ഉപദേശിച്ചത്. വള സബ്സിഡിയോ സൗജന്യ വൈദ്യുതിയോ അല്ല, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പാവങ്ങൾക്ക് ആവശ്യം പണമാണെന്ന് അഭിജിത് സമർഥിച്ചു. 

എത്ര പേർ ഗുണഭോക്താക്കളാകണം..? ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരമാണ് ബാനർജി രാഹുൽ ഗാന്ധിക്ക് നൽകിയത്.

വിവരശേഖരണം(data) തട്ടിപ്പായി മാറിയ രാജ്യത്ത് യഥാർഥ ദരിദ്രരുടെ പട്ടിക തയാറാക്കൽ എന്ന വൻ വെല്ലുവിളി അഭിജിത്ത് ഏറ്റെടുത്തു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കാൻ ഉള്ളവനിൽ നിന്ന് എങ്ങനെ കൂടുതൽ നികുതി ഈടാക്കണമെന്ന് പഠിച്ചു.

ദരിദ്രന്റെ സാമ്പത്തിക ശാസ്ത്രം പറഞ്ഞ അഭിജിത്ത് ബാനർജി വിജയിക്കുകയും കോൺഗ്രസ് പരാജയപ്പെടുകയും ചെയ്തതെങ്ങനെ..? ഉത്തരവും അദ്ദേഹം തന്നെ നൽകുന്നു. വിജയം എന്നത് പെട്ടെന്ന് ചാടിപ്പിടിക്കാവുന്നതല്ല. തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പു മാത്രം പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച ദാരിദ്ര്യ നിർമാർജന പദ്ധതി പാർട്ടി ചർച്ച ചെയ്തു തുടങ്ങിയിട്ട് 10 വർഷത്തോളമായി. പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. 

തന്റെ വാദങ്ങളിൽ അഭിജിത്തിന് വ്യക്തതയുണ്ടായിരുന്നു. ടെലിവിഷൻ ചർച്ചകളിൽ ന്യായ് സമർത്ഥിക്കാൻ കോൺഗ്രസ് വക്താക്കൾ വിയർത്തു. തിരഞ്ഞെടുപ്പ് തിരക്കിൽ പഠിക്കാൻ പറ്റിയില്ല പലർക്കും. അക്കാദമിക തലത്തിൽ ചിന്തയാണ് മുഖ്യമെങ്കിൽ,  രാഷ്ട്രീയത്തിൽ ചിന്തയെക്കാൾ പ്രധാനം പ്രായോഗികതയാണെന്ന പാഠം കോൺഗ്രസ് മറന്നു. സാമ്പത്തിക ശാസ്ത്രജ്ഞന് നൊബേൽ ലഭിക്കാൻ പത്തോ അതിലധികമോ വർഷം കാക്കാം, പക്ഷേ വിശക്കുന്ന മനുഷ്യന് പത്തു മിനിറ്റു പോലും പ്രയാസമാണ്. നിറമുള്ള സ്വപ്നങ്ങൾ പോര, അവ യാഥാർഥ്യമാക്കാൻ കഴിയുന്നവർക്കേ വിജയം എത്തിപ്പിടിക്കാനാവൂ.