രാജ്യത്ത് ഭീകരാക്രമണ മുന്നറിയിപ്പ്; 4 ജെയ്ഷ ഭീകരർ ഡൽഹിയിൽ; ജാഗ്രത

പാക്ക് ഭീകരസംഘടന‌യായ ജയ്ഷെ മുഹമ്മദിന്റെ ചാവേറാക്രമണ ഭീഷണിയെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ കനത്ത ജാഗ്രതാനിര്‍ദേശം. ആക്രമണത്തിനായി നാല് ജയ്ഷെ ഭീകരര്‍ ഡല്‍ഹിയിലെത്തിയതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍. ഡല്‍ഹി ഉള്‍പ്പെടെ 30 വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ഒന്‍പതിനിടത്ത് പൊലീസ് റെയ്ഡ് നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗം സുരക്ഷ വിലയിരുത്തി. 

ഭീകരാക്രമണം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഡല്‍ഹി ഉള്‍പ്പെടെ നഗരങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനുള്ള പ്രതികാരമായി ചാവേര്‍ ആക്രമണം നടത്താന്‍ ജയ്ഷെ മുഹമ്മദ് പദ്ധതിയുണ്ടെന്നാണ് ഐ.ബി റിപ്പോര്‍ട്ട്. നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്കിടെ തിരക്കേറിയ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് വന്‍ ആയുധങ്ങളുമായി നാല് ജയ്ഷെ ഭീകരര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. 

ഇതേത്തുടര്‍ന്ന് ഡല്‍ഹി പൊലീസിന്റെ സ്‍പെഷ്യല്‍ സെല്‍  ജാമിഅനഗര്‍, സീലംപുര്‍, പഹാഡ്ഗഞ്ജ് ഉള്‍പ്പെടെ ഒന്‍പതിടങ്ങളില്‍ റെയ്‍ഡ് നടത്തി. സംശയാസ്പദായ സാഹചര്യത്തില്‍ കണ്ട രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അതേസമയം, ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. വിമാനത്താവളങ്ങള്‍, റെയില്‍വേ ബസ് സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി. ഇതിനിടെ, പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി വിലയിരുത്തി. ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് മേധാവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.