ട്രെയിൻ വൈകിയത് 12 മണിക്കൂർ; അമ്മയെ കാണാതെ പരിഭ്രമിച്ച് മകൻ; ആശ്വാസമായി റെയിൽവേ

പന്ത്രണ്ട് മണിക്കൂറിലധികം വൈകിയോടുന്ന ട്രെയിനിലാണ് അമ്മയുള്ളതെന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും ട്വീറ്റ് ചെയ്ത മകനെ സാന്ത്വനിപ്പിച്ച് റെയിൽവേ. ട്വീറ്റിന് മറുപടി നൽകിയതിനോടൊപ്പം അമ്മയുമായി സംസാരിക്കാൻ അവസരവും റെയിൽ വേ അധികൃതർ ഒരുക്കി.  

ശാശ്വത് എന്ന പേരിലെ ട്വിറ്റർ ഹാൻഡിലിൽ നിന്നുമാണ് അമ്മ ഷീല പാണ്ടെയുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല, അജ്മീർ-എസ്ഡിഎച്ച് എക്സ്പ്രസിലാണ് അമ്മയുള്ളതെന്ന് യുവാവ് ട്വീറ്റ് ചെയ്തത്. അമ്മ യാത്ര ചെയ്യുന്ന കോച്ച് നമ്പറും സീറ്റും ഇയാൾ റെയിൽവേയെ ടാഗ് ചെയ്തുള്ള ട്വീറ്റിൽ ചേർത്തിരുന്നു. 

ഉടൻ തന്നെ ട്രെയിനിലെ ടിടിഇയുമായി ബന്ധപ്പെട്ട് അവരുടെ വിവരങ്ങൾ റെയിൽവേ മകനുമായി പങ്കുവച്ചു.  യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നത് റെയിൽവേയുടെ കടമയാണ് എന്ന കുറിപ്പോടെ റെയിൽവേ മന്ത്രാലയം ഈ ട്വീറ്റ് പിന്നീട് പങ്കുവച്ചു.

സമയോചിതമായ റെയിൽവേയുടെ ഇടപെടലിനെ അഭിനന്ദിക്കുകയാണ് ട്വിറ്ററേനിയൻസ്.  റെയിൽവേയുടെ ഭാഗത്ത് നിന്നുമുള്ള ഇത്തരം ഇടപെടലുകൾ സ്വാഗതാർഹമാണെന്ന് പലരും ട്വീറ്റ് പങ്കുവച്ച് കുറിച്ചു.