ട്വിറ്റർ മസ്കെടുത്തോട്ടെ; 'ബ്ലൂസ്കൈ'യുമായി കളം പിടിക്കാൻ ജാക്ക് ഡോർസെ?

അഭ്യൂഹങ്ങൾക്കും വലിയ വിവാദങ്ങൾക്കുമൊടുവിൽ ട്വിറ്റർ ഇലോൺ മസ്ക് നാടകീയമായി ഏറ്റെടുത്തിരുന്നു. ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒ ഉൾപ്പടെ മൂന്ന് പ്രമുഖരെ പുറത്താക്കുകയും ചെയ്തു. ട്വിറ്ററിനെ മസ്ക് 'കുട്ടിച്ചോറാ'ക്കുമോ എന്ന് ആശങ്കപ്പെട്ടിരിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്വിറ്ററിന്റെ സഹസ്ഥാപകനായിരുന്ന ജാക്ക് ഡോർസെ പുതിയ സോഷ്യൽ ആപ്പിന്റെ പണിപ്പുരയിലാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. 

ട്വിറ്ററിനെ മസ്ക് കൊണ്ട് പോകുന്നതിനും കൃത്യം ഒരാഴ്ച മുന്നെ 'ബ്ലൂസ്കൈ' പരീക്ഷണം നടത്തുകയാണെന്ന് ഡോർസെ പ്രഖ്യാപിച്ചിരുന്നു. സമൂഹ മാധ്യമരംഗത്ത് വലിയ മാറ്റം ബ്ലൂസ്കൈ കൊണ്ടുവരുമെന്നും ഡോർസി മുൻപ് ട്വീറ്റ് ചെയ്തിരുന്നു. ബ്ലൂസ്കൈ 2019 ൽ തന്നെ ട്വിറ്റർ തുടങ്ങിയിരുന്നതാണെന്നും  ലൈസൻസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതോടെ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡോർസിയുടെ ടീം വ്യക്തമാക്കുന്നു.