ചിന്തിച്ചാല്‍ ഇനി കംപ്യൂട്ടറിലെത്തും; 'ടെലിപ്പതി'യെന്ന് മസ്ക്; തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് ന്യൂറാലിങ്ക്

പ്രതീകാത്മക ചിത്രം (ഇടത്)

മനസില്‍ ആലോചിക്കുന്നത് അതേ വേഗതയില്‍ തന്നെ കംപ്യൂട്ടറിലേക്ക് എത്തിയാലോ? ചില സമയത്തെങ്കിലും ടൈപ്പ് ചെയ്യുന്നതും തിരയുന്നതുമെന്ന് തുടങ്ങി സങ്കീര്‍ണമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനാകുമെന്നും ശാസ്ത്രലോകം കരുതുന്നു. അങ്ങനെ മനുഷ്യന്‍റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചിരിക്കുകയാണ്  ഇലോണ്‍ മസ്കിന്‍റെ ന്യൂറാലിങ്ക് കമ്പനി. 'ടെലിപ്പതി'യെന്നാണ് ചിപ്പിന് മസ്ക് നല്‍കിയ പേര്. തലയില്‍ ചിപ്പ് സ്ഥാപിക്കപ്പെട്ടയാള്‍ സുഖം പ്രാപിച്ച് വരുന്നുവെന്നും പോസിറ്റീവായ പ്രതികരണങ്ങളാണ് കിട്ടുന്നതെന്നും മസ്ക് സമൂഹമാധ്യമമായ എക്സില്‍ വ്യക്തമാക്കി. 

റോബോട്ട് വഴിയാണ് തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുന്ന സര്‍ജറി ചെയ്തത്. ചിന്തകളെ നിയന്ത്രിക്കുന്ന ഭാഗത്തായാണ് തലമുടിനാരിനെക്കാള്‍ നേര്‍ത്ത ചിപ്പ് ഘടിപ്പിച്ചിരിക്കുന്നത്. 64 നൂലിഴകള്‍ ചേര്‍ത്താണ് ചിപ്പ് നിര്‍മിച്ചിരിക്കുന്നതെന്ന് ന്യൂറാലിങ്ക് വ്യക്തമാക്കുന്നു. ചിപ്പ് ഘടിപ്പിച്ചയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് തിരിച്ചറിഞ്ഞ ശേഷം തലച്ചോറില്‍ നിന്നുള്ള അത്തരം സിഗ്നലുകളെ ആപ്പിലേക്ക് കൈമാറുകയാണ് ചിപ്പ് ചെയ്യുന്നത്. 

ഒന്ന് ചിന്തിക്കുമ്പോള്‍ തന്നെ ഫോണിനെയും, കംപ്യൂട്ടറിനെയും എന്നുവേണ്ട ചിപ്പുമായി ഘടിപ്പിച്ചിട്ടുള്ള എന്തുപകരണത്തെയും നിയന്ത്രിക്കാമെന്ന് മസ്ക് അവകാശപ്പെടുന്നു. ശാരീരിക പരിമിതികളുള്ളവര്‍ക്ക് ചിപ്പ് നല്‍കുന്നതിനാകും പ്രഥമ പരിഗണന. സ്റ്റീഫന്‍ ഹോക്കിന്‍സിന് ഒരു ടൈപിസ്റ്റിനെക്കാള്‍ വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു നോക്കൂ, അദ്ദേഹത്തിന്‍റെ ചിന്തകള്‍ അതുപോലെ അതേ വേഗത്തില്‍ മറ്റാരുടെയും സഹായമില്ലാതെ ക്രോഡീകരിക്കാന്‍ കഴിയുമായിരുന്നില്ലേ എന്നാണ് മസ്ക് ഇതേക്കുറിച്ച് പറയുന്നത്. അത്തരത്തില്‍ ആളുകളെ പ്രാപ്തരാക്കുകയും സഹായിക്കുകയുമാണ് ലക്ഷ്യമെന്നും മസ്ക് കൂട്ടിച്ചേര്‍ക്കുന്നു. 

മനുഷ്യന്‍റെ തലച്ചോറിനെയും കംപ്യൂട്ടറിനെയും തമ്മില്‍ ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2016ലാണ് മസ്ക് ന്യൂറാലിങ്കിന് തുടക്കമിട്ടത്. പാര്‍ക്കിന്‍സന്‍സടക്കമുള്ള നാഡീ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് ജീവിതം അനായാസമാക്കാന്‍ ചിപ്പിന് കഴിയുമെന്ന പ്രതീക്ഷയും കമ്പനി പങ്കുവയ്ക്കുന്നു. ഞായറാഴ്ചയാണ് ന്യൂറാലിങ്ക് ചിപ്പ് ഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് നിരവധി കടമ്പകള്‍ക്കൊടുവില്‍ മസ്കിന്‍റെ കമ്പനിക്ക് മനുഷ്യന്‍റെ തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചത്. കുരങ്ങുകളുടെ തലയില്‍ ചിപ്പ് ഘടിപ്പിച്ച് നടത്തിയ പരീക്ഷണത്തില്‍ ഇവയ്ക്ക് പിന്നീട് ഒരു വശം തളര്‍ന്ന് പോകുന്നതായും , തലച്ചോറില്‍ വീക്കം വന്നതായും കണ്ടെത്തിയിരുന്നു. 

Elon Musk’s Neuralink successfully implants chip in human brain