സ്റ്റാര്‍ഷിപ്പ് വിക്ഷേപണം; പരാജയത്തിലും പ്രതീക്ഷയേകി മസ്കിന്‍റെ ഭീമന്‍ പേടകം

സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ മൂന്നാം വിക്ഷേപണം നേരിയ മുന്നേറ്റം കൈവരിച്ചെങ്കിലും ദൗത്യം പരാജയപ്പെട്ടു. റോക്കറ്റിന്‍റെ രണ്ടുഭാഗങ്ങളും ഭൂമിയിലേക്ക് തിരിച്ചിറക്കാനുളള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വ്യാഴാഴ്ച്ച  ഇന്ത്യന്‍ സമയം വൈകീട്ട് 6.55ന് ടെക്സസിലെ ബോക്കാ ചികയിലുള്ള സ്റ്റാര്‍ബേസ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു റോക്കറ്റിന്‍റെ വിക്ഷേപണം. ആദ്യ രണ്ട് വിക്ഷേപണങ്ങളേക്കാള്‍ കൂടുതല്‍ ദൂരം റോക്കറ്റ് സഞ്ചരിച്ചു എന്നത് മൂന്നാം ദൗത്യത്തിലെ നേട്ടമായി. എന്നാല്‍ തിരിച്ചിറക്കലിലുണ്ടായ പാളിച്ചകള്‍ ദൗത്യം പരാജയപ്പെടാന്‍ കാരണമായി. 

റോക്കറ്റ് വിക്ഷേപിച്ച് ഏകദേശം ഒരുമണിക്കൂറിന് ശേഷം ഇന്ത്യന്‍ സമുദ്രത്തില്‍ പേടകം ഇറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും, തിരിച്ചിറക്കലിനിടെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്‍റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു. ദൗത്യം വിജയം കണ്ടില്ലെങ്കിലും പൂര്‍ണമായി പരാജയപ്പെട്ടതായും പറയാനാകില്ല. കാരണം വിക്ഷേപണം വിജയകരമായി നടത്തുന്നതിലും നിശ്ചിത ഉയരത്തില്‍ വെച്ച് രണ്ട് ഘട്ടങ്ങള്‍ തമ്മില്‍ വേര്‍പെടുത്തുന്നതിലും സ്റ്റാര്‍ഷിപ്പ് ദൗത്യം വിജയം കണ്ടു. തിരിച്ചിറക്കാനുളള ശ്രമത്തിനിടെ പേടകവുമായുളള ബന്ധം നഷ്ടപ്പെടും മുന്‍പ് വരെയുളള ദൃശ്യങ്ങള്‍ സ്‌പേസ് എക്‌സ് തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് എക്സിലൂടെ വിക്ഷേപണ ദൃശ്യങ്ങള്‍ കണ്ടത്.

സൂപ്പര്‍ ഹെവി റോക്കറ്റ് ബൂസ്റ്ററും സ്റ്റാര്‍ഷിപ് ബഹിരാകാശ പേടകവും ചേര്‍ന്നതാണ് ഇലോണ്‍ മസ്കിന്‍റെ ഭീമന്‍ പേടകമായ സ്റ്റാര്‍ഷിപ്പ് റോക്കറ്റ്. ഇരുഭാഗങ്ങളും തിരിച്ചിറക്കലിനിടെ ബന്ധം നഷ്ടപ്പെട്ട് തകര്‍ന്നതിനാല്‍ സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി അന്വേഷണം നടത്തും. ഇതുവരെ രണ്ട് വിക്ഷേപണങ്ങളാണ് സ്റ്റാര്‍ഷിപ്പ് നടത്തിയത്. ഒന്ന് 2023 ഏപ്രിലിലും രണ്ടാമത്തേത് നവംബറിലും. രണ്ടും വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചിരുന്നു. എന്നാല്‍ ആദ്യ വിക്ഷേപണത്തേക്കാള്‍ വളരെ വൈകിയാണ് രണ്ടാമത്തെ വിക്ഷേപണത്തില്‍ റോക്കറ്റ് പൊട്ടിത്തെറിച്ചത് എന്നത് കമ്പനിയെ സംബന്ധിച്ച് വലിയൊരു മുന്നേറ്റമായിരുന്നു. മൂന്നാമത്തെ വിക്ഷേപണത്തിലും പരാജയം ആവര്‍ത്തിച്ചെങ്കിലും ആദ്യ രണ്ട് വിക്ഷേപണങ്ങളേക്കാള്‍ കൂടുതല്‍ ദൂരം റോക്കറ്റ് സഞ്ചരിച്ചു എന്നത് സ്പേസ് എക്സിനെ സംബന്ധിച്ച് വലിയൊരു നേട്ടം തന്നെയാണ്.

Starship destroyed on return to Earth at end of third test flight