പാർട്ടി ഓഫീസിൽ ഭാര്യയെ തല്ലി ബിജെപി നേതാവ്; ദൃശ്യങ്ങൾ വൈറലായി; പിടിവീണു

പാർട്ടി ഓഫീസിൽ െവച്ച് ഭാര്യയെ മർദിച്ച ബിജെപി നേതാവിനെ പാർട്ടി പുറത്താക്കി. മെഹ്‌രോളി ജില്ലാ അധ്യക്ഷൻ ആസാദ് സിങ്ങിനെതിരെയാണ് നടപടി. സൗത്ത് ഡൽഹിയിലെ മുൻ മേയർ കൂടിയായ സരിത ചൗധരിയെ തല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് നടപടി. 

കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വിളിച്ച യോഗത്തിന് ശേഷമായിരുന്നു സംഭവം. യോഗത്തിൽ സരിതയും ആസാദ് സിങ്ങും പങ്കെടുത്തിരുന്നു. പുറത്തിറങ്ങിയ ശേഷം നേതാക്കൾ നോക്കിനിൽക്കെ ഇരുവരും തമ്മിൽ വഴക്കിട്ടു. തുടർന്ന് ആസാദ് സിങ് പരസ്യമായി ഭാര്യയെ തല്ലുകയായിരുന്നു.

ഭാര്യയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ആസാദ് സിങ് അടുത്തിടെയാണ് ഹർജി നൽകിയത്. വർഷങ്ങളായി ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും പരസ്യമായി വഴക്കിടുമെന്ന് കരുതിയില്ലെന്നും നേതാക്കൾ പറയുന്നു. 

ആദ്യം വഴക്കുണ്ടാക്കിയതും ആക്രമിച്ചതും ഭാര്യയാണെന്നും സ്വയം പ്രതിരോധിക്കാനാണ് അടിച്ചത് എന്നുമായിരുന്നു ആസാദ് സിങ്ങിന്റെ പ്രതികരണം. സംഭവത്തോട് പ്രതികരിക്കാൻ സരിത തയ്യാറായില്ല.  ആസാദ് സിങ്ങിനെ പുറത്താക്കിയതിന് പിന്നാലെ വികാസ് തൻവാറിന് വർക്കിങ് പ്രസിഡന്റിന്റെ ചുമതല നൽകി.