ഉടൻ ഡൽഹിയിലെത്തൂ, ആരോടും ഒന്നും പറയരുത്’; അന്ന് അമിത് ഷാ പറഞ്ഞത്: യോഗി

പതിനഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം 2017 മാര്‍ച്ചിലാണ് ബിജെപി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിൽ തരംഗം സ‍ൃഷ്ടിച്ചത്. കേന്ദ്രമന്ത്രിമാരുൾപ്പെടെ നിരവധി പേരുകൾ മുഖ്യമന്ത്രിസ്ഥാനത്തേക്കുയർന്ന് കേട്ടു. എന്നാൽ ഗോരഖ്പൂർ എംപി യോഗി ആദിത്യനാഥിനെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് കേന്ദ്രനേതൃത്വം തിരഞ്ഞെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ സജീവസാന്നിധ്യമായിരുന്നു യോഗി. 

രണ്ടരവർഷത്തിന് ശേഷം മുഖ്യമന്ത്രിപദത്തിലേക്കെത്തിച്ച സംഭവവികാസങ്ങളെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ മനസ്സുതുറക്കുകയാണ് യോഗി. ''തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി എവിടേക്കയച്ചോ അവിടെ സജീവമായി പ്രചാരണം നടത്തുക മാത്രമാണ് ചെയ്തത്. ഫെബ്രുവരി 25ന് വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് എന്നെ വിളിച്ചു. അവർ പറഞ്ഞു, ''യോഗി ജീ, പാര്‍ലമെന്റ് പ്രതിനിധിസംഘം പോർട്ട് ലൂയീസ് സന്ദർശിക്കുന്നുണ്ട്, നിങ്ങളും ഒപ്പം പോകണം'' എന്ന്.

മാർച്ച് 6 വരെ തിരഞ്ഞെടുപ്പ് തിരക്കുകളാണെന്നും പോകാൻ താത്പര്യമില്ലെന്നും അറിയിച്ചു. എന്നാൽ മാർച്ച് ആറിന് ശേഷം പോയാൽ മതിയെന്ന് അവർ പറഞ്ഞു. മാർച്ച് എട്ടോടെ തിരഞ്ഞെടുപ്പ് അവസാനിച്ച്. മാർച്ച് 11നാണ് വോട്ടെണ്ണൽ. 

''മാര്‍ച്ച് എട്ടിന് ഞാൻ ഡൽഹിക്ക് പോയി. എന്റെ പാസ്പോർട്ട് അതിനകം അയച്ചുകഴിഞ്ഞിരുന്നു. രണ്ടുദിവസത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് എന്റെ പാസ്പോർട്ട് തിരിച്ചയച്ചെന്നും സംഘത്തിനൊപ്പം പോകേണ്ടതില്ലെന്നും അറിയിപ്പ് വന്നു. തൊട്ടടുത്ത ദിവസം വോട്ടെണ്ണൽ ആയതിനാൽ ഞാൻ ഗൊരഖ്പൂരിലേക്ക് മടങ്ങി. സുഷമാജി വീണ്ടും വിളിച്ചു. വോട്ടെണ്ണൽ ദിനത്തിൽ ഞാൻ സംസ്ഥാനത്ത് വേണം എന്നുള്ളതിനാലാണ് പാസ്പോർട്ട് തിരിച്ചയച്ചത് എന്നറിയിച്ചു. ആ തിരഞ്ഞെടുപ്പ് ബിജെപിയുടേതായിരുന്നു. മാർച്ച് 13 ഹോളി ദിനമായിരുന്നു, അന്നും ഞാൻ ഗോരഖ്പൂരിലുണ്ടായിരുന്നു. 

''പതിനാറാം തിയതി പാർലമെന്ററി പാർട്ടി യോഗത്തില്‍ പങ്കെടുക്കാൻ വീണ്ടും ഡൽഹിയിലേക്ക് പോയി. അവിടെവെച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്വാഭാവിക ചർച്ചകൾ നടന്നു. ഡൽഹി വിട്ടുപോകരുതെന്നും സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

''പതിനേഴിന് യോഗം ചേർന്നു. ഉച്ചകഴിഞ്ഞത്തെ ഫ്ലൈറ്റിന് ഞാൻ ഗൊരഖ്പൂരിലേക്ക് തിരിച്ചു. അവിടെയെത്തിയപ്പോള്‍ അമിത് ഷാ വിളിച്ച് എവിടെയെന്ന് തിരക്കി. ഗൊരഖ്പൂരിലാണെന്ന് മറുപടി നൽകി. ''എന്തിനാണ് മടങ്ങിപ്പോയത്. ഡൽഹിയിൽ തന്നെ നിൽക്കാൻ ഞാൻ പറഞ്ഞിരുന്നില്ലേ'' എന്ന് ചോദിച്ചു. ഡൽഹിയിൽ മറ്റ് ജോലികളില്ലാത്തിനാലാണ് മണ്ഡലത്തിൽ തിരികെയെത്തിയത് എന്ന് മറുപടി നൽകി. അത്യാവശ്യമായി ഡല്‍ഹിക്ക് വരാൻ അദ്ദേഹം ആവശ്യപ്പെട്ടു. 

''നാളെ രാവിലെ ചാർട്ടേർഡ് വിമാനം അയക്കുന്നുണ്ട്. നാളെത്തന്നെ ഡൽഹിക്ക് വരണം. ആരോടും ഇതേപ്പറ്റി ഒന്നും സംസാരിക്കരുത്''- അമിത് ഷാ പറഞ്ഞു. പിറ്റേന്ന് 11 മണിയോടെ ഡൽഹിയിലെത്തി. '' ഈ ഫ്ലൈറ്റിന് ലക്നൗവിലേക്ക് പോകുക. വൈകീട്ട് നാല് മണിക്ക് നിങ്ങളെ എംഎൽഎമാരുടെ നേതാവായി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും. നാളെയാണ് സത്യപ്രതിജ്ഞ''- അമിത് ഷായുടെ വാക്കുകള്‍ യോഗി ഓർത്തെടുത്തു. 

മാർച്ച് പതിനെട്ടിനാണ് യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത് കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം എത്തിയത്.