സ്വന്തം മണ്ഡലത്തില്‍ ബിജെപി എംപിയെ തടഞ്ഞ് ജനങ്ങള്‍; താഴ്ന്ന ജാതിയെന്ന് വിശദീകരണം

ദലിത് വിഭാഗത്തില്‍പ്പെട്ട കര്‍ണാടക എംപിയെ ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി നാട്ടുകാര്‍. ചിത്രദുര്‍ഗയിലെ ബിജെപി എംപി നാരായണസ്വാമിക്കാണ് ദുരനുഭവം. സ്വന്തം മണ്ഡലത്തില്‍ കയറുന്നതില്‍ നിന്നാണ് എംപിയെ പ്രദേശവാസികള്‍ തടഞ്ഞത്. 

ഡോക്ടര്‍മാരും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തുള്ളവരും ഉള്‍പ്പെടെയുള്ള സംഘവുമായി സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതാണ് എംപി. തുംകുര്‍ ജില്ലയിലെ പവഗട താലൂക്കിലാണ് എംപിയെത്തിയത്. എന്നാല്‍ ഇവിടേക്ക് പ്രവേശിക്കാന്‍ ഗ്രാമവാസികള്‍ അനുവദിച്ചില്ല. ഗൊള്ളരഹാട്ടിയിലേക്ക് താഴ്ന്ന ജാതിയില്‍പ്പെട്ടവരെ കയറ്റാനാകില്ലെന്ന് പറഞ്ഞ ഇവര്‍ എംപിയോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. 

തുടര്‍ന്ന് നാട്ടുകാരുമായുള്ള തര്‍ക്കത്തിന് ശേഷം എംപി സ്ഥലത്ത് നിന്ന് മടങ്ങിപ്പോയി. എംപിയെ തടഞ്ഞത് ആരൊക്കെയാണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു. എസ് സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള സംവരണ സീറ്റാണ് ചിത്രദുര്‍ഗ ലോക്സഭാ മണ്ഡലം.