വലിയ മാറ്റങ്ങളുണ്ടായി; ആദ്യ 100 ദിന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മോദി

ഭരണത്തുടർച്ച നേടിയ തന്റെ സർക്കാരിന്റെ ആദ്യ നൂറ് ദിനങ്ങൾ വലിയ മാറ്റങ്ങളുണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനം, വിശ്വാസ്യത, വലിയ മാറ്റങ്ങള്‍ എന്നിവയാണു സർക്കാർ ആദ്യ നൂറുദിവസം പിന്നിടുമ്പോൾ ഇന്ത്യൻ ജനതയ്ക്കു മുന്നിലേക്കു വയ്ക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ റോഹ്തക്കിലെ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ഇതിലൂടെ 130 കോടി ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ എൻഡിഎ സർക്കാരിനു സാധിച്ചെന്നും മോദി പറഞ്ഞു. ആദ്യ നൂറുദിവസത്തെ ശക്തമായ തീരുമാനങ്ങൾ വരുംകാലങ്ങളിൽ രാജ്യത്തിന്റെ വളർച്ചയ്ക്കു സഹായകരമാകുമെന്നും മോദി പറഞ്ഞു.

‘കശ്മീർ പ്രശ്നത്തിനു പരിഹാരം കാണാൻ ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ പ്രചോദനം കൊണ്ടാണ് സാധിച്ചത്. 60 വർഷത്തെ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായാണു കുറഞ്ഞ ദിവസത്തിനുള്ളിൽ ഇത്രയേറേ പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കുന്നത്.

കുറെയേറെ പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വരുത്താൻ ഈ കാലയളവിൽ കഴിഞ്ഞു. അതിന് എല്ലാ രാഷ്ട്രീയ കക്ഷികളോടും നന്ദി പറയുന്നു.’– പ്രധാനമന്ത്രി പറഞ്ഞു. കർഷക ക്ഷേമ പെൻഷൻ പദ്ധതി പോലെ തന്നെ ചെറുകിട വ്യവസായികൾക്കും പെൻഷൻ നൽകാൻ സർക്കാർ ആലോചിക്കുന്നതായും മോദി അറിയിച്ചു.