എന്റെ പിന്നിൽ ഒരു മലയൊന്നാകെ ഇടിഞ്ഞു; അമ്മയെക്കുറിച്ചോർത്തില്ല; ഹർഷിദിന്റെ നോവ്

പ്രളയമുന്നറിയിപ്പിനെത്തുടർന്നാണ് കുടക് സ്വദേശികളായ ഹര്‍ഷിദിനോടും കുടുംബത്തോടും അധികൃതർ വീടൊഴിയാൻ ആവശ്യപ്പെട്ടത്. കുടകിലെ മണികണ്ഠമലയുടെ മുകളിലുള്ള വീടുകളിലേക്കാണ് ഹർഷിദിനെയും സമീപവീടുകളിലുള്ളവരെയും മാറ്റിപ്പാർപ്പിച്ചത്. അച്ഛൻ പരമേശ്, അമ്മ മമത, പതിന്നാലുകാരി ലിഖിത, എന്നിവരും ഹർഷിദിനൊപ്പമുണ്ടായിരുന്നു. 

പുതിയ താമസസ്ഥലത്തേക്ക് മാറി ഒരു മണിക്കൂറിനുള്ളിൽ അവിടെ മണ്ണിടിച്ചിലുണ്ടായി. തലനാരിഴക്ക് രക്ഷപെട്ട അനുഭവം ഹർഷിദ് പറയുന്നത് ഇങ്ങനെ: ''ഒരു വലിയ ശബ്ദം കേട്ടാണ് ഞാൻ മുകളിലേക്ക് നോക്കിയത്. ഒരു മലയൊന്നാകെ ഇടിഞ്ഞുവരുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. മറ്റൊന്നും ചിന്തിച്ചില്ല. തിരിഞ്ഞുനോക്കാതെ മുന്നോട്ട് ഓടാനേ എനിക്ക് കഴി‍ഞ്ഞുള്ളൂ. ആ മലയിടിഞ്ഞ് എന്റെ മുകളിൽ വീഴല്ലേ എന്നായിരുന്നു പ്രാർഥന. കുറെ ദൂരമോടിയ ശേഷമാണ് പിന്നിൽ നിന്ന് ആ അലർച്ച നിന്നത്. അപ്പോൾ മാത്രമാണ് ഞാനൊന്ന് തിരിഞ്ഞുനോക്കിയത്. മണ്ണും മരങ്ങളുമല്ലാതെ മറ്റൊന്നും  ഞാൻ കണ്ടില്ല''- ഹർഷിദ് പറയുന്നു.

കൈക്കും കാലിനും ചെറിയ പരുക്ക് മാത്രമാണ് ഹര്‍ഷിദിനുള്ളത്. അമ്മയെയും സഹോദരിയെയും രക്ഷിക്കാൻ കഴിയാത്തതിനെക്കുറിച്ച് അപ്പോൾ മാത്രമാണ് ഹർഷിദ് ചിന്തിക്കുന്നത്. ''ഒന്നും ആലോചിക്കാതെയാണ് ഞാൻ ഓടിയത്. അവിടെ നിന്ന് അമ്മയെയും സഹോദരിയെയും രക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമായിരുന്നു. മലമുകളിലേക്ക് താമസം മാറിയില്ലായിരുന്നു എങ്കിൽ ഞങ്ങളിപ്പോഴും ഒരുമിച്ചിരുന്നേനെ, ജീവനോടെ ഇരുന്നേനെ''- ഹർഷിദ് പറഞ്ഞു. 

മണ്ണിടിഞ്ഞ സ്ഥലത്തേക്ക് ഓടിയെത്തി തന്റെ കുടുംബാംഗങ്ങൾക്കായി ഹർഷിദ് തിരഞ്ഞു. കൂമ്പാരം കൂടിയ മണ്ണിനുള്ളിൽ കൈ കൊണ്ട് തിരഞ്ഞു. ഒരു പുരുഷന്റെ കൈ ഹർഷിദിന്റെ കയ്യിൽ തടഞ്ഞു. സുഹൃത്ത് ദർശനായിരുന്നു അത്. ജീവൻ രക്ഷിച്ചതിൽ ഹർഷിദിനോട് നന്ദി പറയുകയാണ് ദർശൻ. ''ഹർഷിത് എത്തിയില്ലായിരുന്നെങ്കിൽ ഞാനിന്ന് ജീവനോടെ ഇരിക്കില്ലായിരുന്നു''. 

ദുരിതാശ്വാസ ക്യാംപിൽ അഭയം തേടിയിരിക്കുകയാണ് ഹർഷിദ് ഇപ്പോൾ.