ബാരമതിയില്‍ എന്‍സിപിയുടെ 'കുടുംബ പോര്'; സുപ്രിയ സുളെയും സുനേത്ര പവാറും നേര്‍ക്കുനേര്‍

NCP-western
SHARE

എന്‍സിപിയിലെ പവാര്‍ വിഭാഗങ്ങള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന പശ്ചിമ മഹാരാഷ്ട്ര നാളെ പോളിങ് ബൂത്തിലേക്ക്. സുപ്രിയ സുളെയും സുനേത്ര പവാറും മുഖാമുഖം വരുന്ന ബാരാമതിയാണ് ശ്രദ്ധേയ മണ്ഡലം. പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം ശരദ് പവാറിന്‍റെയും അജിത് പവാറിന്‍റെയും രാഷ്ട്രീയ ശക്തി അളക്കുന്ന തിരഞ്ഞെടുപ്പുകൂടിയാകും ഇത്. സംസ്ഥാനത്തെ 11 ഇടങ്ങളിലാണ് നാളെ വിധിയെഴുത്ത്.    

ബാരാമതി, കരിമ്പിന്‍റെയും പഞ്ചസാര ഫാക്ടറികളുടെയും മണ്ണ്. പവാര്‍ കുടുംബത്തിന്‍റെ തട്ടകം. ഒരുവശത്ത് അതികായനായ ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുളെ നാലാമൂഴം തേടുന്നു. മറുവശത്ത് ദാദ എന്ന് വിശേഷിപ്പിക്കുന്ന ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ ഇറങ്ങുന്നത് കന്നിയങ്കത്തിന്.  ബാരാമതി ഇതുവരെ സാക്ഷ്യംവഹിക്കാത്ത അതിശക്തമായ പ്രചാരണം. പിളര്‍പ്പിന് ശേഷമുള്ള പിരിമുറുക്കമാണ് നേതാക്കള്‍ക്ക്. വോട്ടര്‍മാരും ധര്‍മസങ്കടത്തിലാണ്. ഈ കുടുംബപോരില്‍ എന്തും സംഭവിക്കാം. 

എംഎല്‍എമാര്‍ അജിത്തിനൊപ്പം പോയെങ്കിലും അണികള്‍ ഒപ്പമുണ്ടെന്ന ആത്മവിശ്വാസമാണ് ശരദ് പവാറിന്. ബിജെപിയെ ഒപ്പം കൂട്ടിയുള്ള കരുത്തിലാണ് അജിത് പവാര്‍ ആശ്രയിക്കുന്നത്. സുപ്രിയക്ക് തിരിച്ചടിയേറ്റാല്‍ അത് ശരദ് പവാറിന്‍റെ പരാജയമായി മാറും. സത്താറ, കോലാപ്പുര്‍, മാഡ എന്നി സീറ്റുകള്‍ എന്‍സിപിയിലെ ഇരു വിഭാഗത്തിനും നിര്‍ണായകം. 

മൂന്നാംഘട്ടത്തില്‍ ജനവിധി തേടുന്ന 11 മണ്ഡലങ്ങളില്‍ ഏഴും ഭരണത്തിലുള്ള മഹായുതിക്ക് ഒപ്പമാണ്. കേന്ദ്രമന്ത്രി നാരായണ്‍ റാണെ മല്‍സരിക്കുന്ന രത്നഗിരി–സിന്ധുദുര്‍ഗ്, മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മകള്‍ പ്രണിതി മാറ്റുരയ്ക്കുന്ന സോലാപൂര്‍ എന്നിവിടങ്ങളില്‍ പ്രതീക്ഷിക്കുന്നത് കടുത്ത മല്‍സരം. ശരദ് പവാറിനെ പാര്‍ട്ടി തട്ടകത്തില്‍ കടന്നാക്രമിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രചാരണമായിരുന്നു ബിജെപിയുടെ തുരുപ്പ്ചീട്ട്.

MORE IN INDIA
SHOW MORE