'വാരാണസി അമ്മയെപ്പോലെ'; താന്‍ ഗംഗാദേവിയുടെ ദത്തുപുത്രനെന്ന് മോദി

modi-varanasi
SHARE

കാശിയുമായുളള തന്‍റെ ആത്മബന്ധത്തെ കുറിച്ച് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മണ്ഡലത്തിന്റെ ജനപ്രതിനിധി എന്നതിലുപരി ഒരമ്മയും മകനും തമ്മിലുളള ബന്ധം പോലെ പവിത്രമാണ് താനും കാശിയുമായുളള ബന്ധമെന്ന് മോദി പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി സ്വന്തം മണ്ഡലവുമായുളള ആത്മബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചത്. 

കാശിയെക്കുറിച്ച് എപ്പോള്‍ സംസാരിച്ചാലും എന്റെ കാശി എന്ന് മാത്രമേ താൻ വിശേഷിപ്പിക്കൂ. ഒരമ്മയും മകനും പോലുളള ബന്ധമാണത്.  കാശിയിലെ ജനങ്ങൾ തന്നോട് കാണിക്കുന്ന സ്‌നേഹവും അത്തരത്തിലുളളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014 ൽ താൻ കാശിയിൽ എത്തിയപ്പോള്‍ അവസാന നിമിഷമാണ് തന്‍റെ സ്ഥാനാര്‍ഥിത്ത്വം തീരുമാനിക്കപ്പെട്ടത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ആരുടെയും നിര്‍ബന്ധത്തിലല്ല താന്‍ വന്നതെന്നും ഗംഗാമാതാവാണ് ഇവിടേക്ക് വരാൻ നിർദ്ദേശിച്ചതെന്നുമാണ് താന്‍ പറഞ്ഞതെന്നും മോദി വ്യക്തമാക്കി. എന്നാല്‍ പത്ത് വർഷത്തിനിപ്പുറം,  ഇന്ന് ഗംഗാമാതാവ് തന്നെ ദത്തെടുത്തുവെന്ന് നിസ്സംശയം പറയാനാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

കാശിയിലെ ജനങ്ങളുടെ സ്നേഹം കണ്ടാല്‍ താന്‍ ഗുജറാത്തില്‍ നിന്നുമാണ് വന്നതെന്ന് തോന്നില്ലെന്നും മോദി പറഞ്ഞു. വാരാണസി തനിക്ക് അമ്മയെപ്പോലെയാണെന്നും താന്‍ ഗംഗാദേവിയുടെ ദത്തുപുത്രനാണെന്നും വ്യക്തമാക്കുകയായിരുന്നു മോദി തന്‍റെ വാക്കുകളിലൂടെ. അതേസമയം മോദിയുടെ കരുത്തുറ്റ മണ്ഡലമാണ് വാരാണസി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും വാരാണസിയില്‍ നിന്നുമാണ് മോദി മല്‍സരിച്ച് വിജയിച്ചത്. 

ഈ ലോക്സഭാ തിരഞ്ഞെടുപ്പിലും മോദി വാരാണസിയില്‍ നിന്ന് തന്നെയാണ് ജനവിധി തേടുക. മെയ് 14നാണ് പത്രികാസമര്‍പ്പണം. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് രാജ്യം വിധി എഴുതുമ്പോൾ, അഹമ്മദാബാദിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത്. അഹമ്മദാബാദിലെ നിഷാന്‍ സ്കൂളിലെത്തിയാണ് മോദി വോട്ട് ചെയ്തത്. 

Varanasi is like mother; maa Ganga has adopted me' says PM Modi 

MORE IN INDIA
SHOW MORE