മസാലകളില്‍ വ്യാപകമായം; പിടിച്ചെടുത്തത് 15 ടണ്‍; ചേര്‍ക്കുന്നത് മരപ്പൊടി അടക്കമുള്ളവ

curry-masala
SHARE

ഡല്‍ഹിയില്‍ നടന്ന ഫാക്ടറി റെയ്ഡില്‍ വ്യാജ മസാലകള്‍ പിടികൂടി. ഡല്‍ഹി കാരവാള്‍ നഗറിലാണം സംഭവം. 15-ടണ്ണോളം വരുന്ന മായം ചേര്‍ത്ത മസാലകളാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ഫാക്ടറികള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഇതോടെയാണ് മസാലകളില്‍ വ്യാപകമായി മായം ചേര്‍ക്കുന്നത് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 

മസാലകളില്‍ മായം ചേര്‍ത്ത ശേഷം ചെറുകിട വിപണയില്‍ വിതരണം ചെയ്യുകയും യഥാര്‍ത്ഥ ഉത്പന്നത്തിന്റെ അതേ വിലയില്‍ വില്‍ക്കപ്പെടുകയുമാണ് ചെയ്യുന്നതെന്ന് പൊലീസ് വ‍ൃത്തങ്ങള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ദിലിപ് സിങ്, ഖുര്‍സീദ് മാലിക്, സര്‍ഫരാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ദിലീപ് സിങ്ങാണ് മായം ചേര്‍ത്ത മസാലകളുണ്ടാക്കുന്ന നിര്‍മാണ യൂണിറ്റിന്റെ ഉടമ.  ഖുര്‍സീദ് മാലിക്കാണ് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. 

ഫാക്ടറികള്‍ കേന്ദ്രീകരിച്ച് നടന്ന റെയ്ഡില്‍ വ്യാജ ഉത്പന്നങ്ങളുണ്ടാക്കാനായി ഉപയോഗിച്ചിരുന്ന മരപ്പൊടി, ചീഞ്ഞ ഇലകള്‍, എണ്ണകള്‍, അരി, ആസിഡുകള്‍, കാലാവധി കഴിഞ്ഞ ധാന്യങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് ഡി.സി.പി രാകേഷ് പവേരിയ അറിയിച്ചു. വിവിധ തരം ബ്രാന്‍ഡുകളുടെ പേരിലാണ് ഈ വ്യാജമസാലകള്‍ വില്‍ക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്ത് ഭക്ഷ്യസുരക്ഷാവിഭാഗമെത്തി പരിശോധനകള്‍ നടത്തി കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ചതായും രാകേഷ് പവേരിയ പറഞ്ഞു. അതേസമയം സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

15 tonnes of fake masala seized

MORE IN INDIA
SHOW MORE