പൈതൃക പദവിയിലേക്ക് ഉയർന്ന് ജയ്പൂര്‍; സന്തോഷമെന്ന് നേതാക്കൾ

ജയ്പൂര്‍ നഗരം യുണസ്കോയുടെ ലോകപൈതൃക പട്ടികയില്‍. അഹമ്മദാബാദിന് ശേഷം രാജ്യത്ത് പദവി ലഭിക്കുന്ന രണ്ടാമത്തെ നഗരം. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടും തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. 

ഹവാമഹള്‍, ജല്‍മഹള്‍, സിറ്റി പാലസ്, ആമ്പര്‍, നഹര്‍ഗഡ് കോട്ടകള്‍... ഇന്ത്യയ്‍ക്ക് അഭിമാനമായി യുണസ്കോയുടെ ലോക പൈതൃക പദവിയിലേക്ക് ഉയരാന്‍ ജയ്പൂരിന് ഇത് തന്നെ ധാരാളം. 1727ല്‍ സവായ് ജയ് സിങ് രണ്ടാമന്‍ രാജാവാണ് പിങ്ക് നഗരം എന്ന് അറിയപ്പെടുന്ന ജയ്പൂര്‍ സ്ഥാപിച്ചത്. മതില്‍ക്കെട്ടിനുള്ളിലെ പഴയ നഗരത്തിലേക്ക് പ്രവേശിക്കാന്‍ എട്ടു കവാടങ്ങള്‍. അകത്ത് കടന്നാല്‍ പിന്നെയെല്ലാം പിങ്ക് മയം. 

അസര്‍ബയ്‍ജാനില്‍ നടക്കുന്ന ലോക പൈതൃക സമിതിയുടെ യോഗമാണ് നഗരത്തെ തിരഞ്ഞെടുത്തത്. തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പ്രകടിപ്പിച്ചപ്പോള്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്‍ക്ക് ഗുണം ചെയ്യുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് പറഞ്ഞു. വലിയ നേട്ടമെന്നായിരുന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.

ഇതുവരെ രാജ്യത്തെ മുപ്പത്തിയേഴ് ഇടങ്ങള്‍ പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 2017ല്‍ പൈതൃകപദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരമായി അഹമ്മദാബാദ്. രണ്ടുവര്‍ഷത്തിനിപ്പുറം തലയുര്‍ത്തി അഭിമാനത്തോടെ ജയ്പൂരും.