സാമ്പത്തിക ഇടപാടുകൾ തീർക്കാൻ പെൺകുട്ടികളെ ലേലം ചെയ്യുന്നു; കുരുക്കിലായി രാജസ്ഥാൻ സർക്കാർ

സാമ്പത്തിക ഇടപാടുകൾ തീർപ്പാക്കാൻ പെൺകുട്ടികളെ ലേലം ചെയ്യുന്നു എന്ന ആരോപണത്തിൽ കുടുങ്ങി രാജസ്ഥാൻ സർക്കാർ. കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളിൽ പ്രിയങ്ക ഗാന്ധി മൗനം പാലിക്കുകയാണെന്ന് ബി.ജെ.പി. ആരോപിച്ചു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ വനിത കമ്മിഷൻ  അന്വേഷണത്തിനായി രണ്ടംഗ സമിതി രൂപീകരിച്ചു. 

രാജസ്ഥാനിലെ ഭില്‍വാരയിൽ ഉൾപ്പെടെ 6 ജില്ലകളിൽസാമ്പത്തിക ഇടപാടുകൾ തീർപ്പാക്കാൻ  എട്ടിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ കരാർ ഉണ്ടാക്കി ലേലം ചെയ്യുന്നു എന്ന മാധ്യമ റിപ്പോർട്ട് 25 നാണ് പുറത്ത് വന്നത്. കരാർ ലംഘിച്ചാൽ അമ്മമാരെ ബലാൽസംഗം ചെയ്യാൻ ജാതി പഞ്ചായത്ത് കൂടി തീരുമാനിച്ചു എന്നും വാർത്തയിൽ പറയുന്നു. വിഷയം ചർച്ചയായിട്ടും അശോക് ഗെലോട്ട് സർക്കാർ മൗനം പാലിക്കുകയാണ്. ഇക്കാര്യത്തിൽ ഇതുവരെയും നടപടി സ്വീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഇത് ചോദ്യം ചെയ്താണ് ബിജെപി എത്തിയിട്ടുള്ളത്. പെൺകുട്ടികൾ ഏറ്റവും അധികം അതിക്രമങ്ങൾക്ക് വിധേയമാകുന്ന സംസ്ഥാനമായി രാജസ്ഥാൻ മാറി എന്നും പ്രിയങ്ക ഗാന്ധി ഭരണമുള്ള സംസ്ഥാനങ്ങളിലെ പെൺകുട്ടികളുടെ പ്രശ്നങ്ങളിൽ മൗനം പാലിക്കുകയാണെന്നും ബി ജെ പി ആരോപിച്ചു. വിഷയത്തിൽ ഇടപെട്ടതായും 

ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദേശീയ വനിതാ കമ്മീഷൻ വ്യക്തമാക്കി. ഇന്നലെ സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മീഷൻ രാജസ്ഥാൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും നാലാഴ്‌ചയ്ക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.സംഭവ സ്ഥലം സന്ദർശിച്ച്  മൂന്ന് മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ പ്രവർത്തകൻ ഉമേഷ് ശർമ്മക്ക് കമ്മീഷൻ നിർദേശം നൽകിയിരുന്നു.