നടപടി വേണമെന്ന് സച്ചിൻ; അച്ചടക്കം പാലിക്കണ‌മെന്ന് ഗെലോട്ട്; പോര് വീണ്ടും

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. മുതിര്‍ന്ന മുഖ്യമന്ത്രി എന്ന അശോക് ഗെലോട്ടിനെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകളെ നിസാരമായി കാണേണ്ടെന്നും നേരത്തെ പുകഴ്ത്തിയ ഗുലാം നബി ആസാദിന്റെ സ്ഥിതി അറിയാമല്ലോ എന്നും സച്ചിന്‍ പൈലറ്റ്. സര്‍ക്കാരിനെ അപകടത്തിലാക്കിയ എംഎല്‍എമാര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി അച്ചടക്കം പാലിച്ച് അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നാമായിരുന്നു ഗെലോട്ടിന്റെ മറുപടി. 

അധ്യക്ഷ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് രാജസ്ഥാനിലുണ്ടായ പ്രതിസന്ധിയില്‍ 14 ദിവസത്തിനകം നടപടി എടുക്കുമെന്നും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അധ്യക്ഷന്‍ തീരുമാനമെടുക്കുമെന്നുമായിരുന്നു ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെയും തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ സച്ചിന്‍ പൈലറ്റ് പരസ്യമായി രംഗത്ത് വന്നത്. ഗെലോട്ട് മുതിര്‍ന്ന മുഖ്യമന്ത്രിയാണെന്നും ഗെലോട്ടും താനും ഒരേ സമയം മുഖ്യമന്ത്രിമാരായിട്ടുണ്ടെന്നും ഇന്നലെ രാജസ്ഥാനില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. അനിശ്ചിതാവസ്ഥ അവസാനിപ്പിച്ച് സര്‍ക്കാരിനെ അപകടത്തിലാക്കിയ എംഎല്‍എമാര്‍ക്കെതിരെ അധ്യക്ഷന്‍ നടപടി എടുക്കണമെന്നും സച്ചിന്‍ ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. അനാവശ്യ  പ്രസ്താവനകള്‍ ഒഴിവാക്കി പാര്‍ട്ടി അച്ചടക്കം പാലിക്കേണ്ടതുണ്ടെന്നായിരുന്നു ഗെലോട്ടിന്റെ മറുപടി.

ഹൈക്കമാന്‍ഡ് നടപടി എടുക്കട്ടെ എന്നും സംസ്ഥാനത്തുണ്ടായ സംഭവവികാസങ്ങളില്‍ ഗെലോട്ട് സോണിയ ഗാന്ധിയോട് ക്ഷമാപണം നടത്തിയത് മാന്യതയാണെന്നും  മന്ത്രി മഹേഷ് ജോഷി അടക്കമുള്ളവര്‍ പ്രതികരിച്ചു. സച്ചിന്‍ – ഗെലോട്ട് തര്‍ക്കം സംസ്ഥാന ഭരണത്തെ ബാധിക്കുന്നു എന്നും സച്ചിന് മുഖ്യമന്ത്രി കസേരയെ കുറിച്ചുള്ള ആശങ്കയാണെന്നും കേന്ദ്രമന്ത്രി എ ആര്‍ മേഘ്വാള്‍ ആരോപിച്ചു.  

Ashok Gehlot's "Discipline" Remark After Sachin Pilot Questions PM Praise