ബ്രാഹ്മണ– മുസ്‍ലിം സ്ഥാനാര്‍ഥി വേണം; ഗെലോട്ട് - സച്ചിൻ വടംവലി തീര്‍ക്കണം; രാജസ്ഥാനിൽ കോൺഗ്രസിന് തീരാ തലവേദന

രാജസ്ഥാനിൽ കെട്ടിമറിഞ്ഞ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം. ആരോപണങ്ങളും  തർക്കങ്ങളും നേതാക്കൾ തമ്മിലുള്ള പിടിവലിയും കാരണം പ്രഖ്യാപിച്ച അഞ്ച് സ്ഥാനാര്‍ഥികളില്‍ മാറ്റം വന്നു. ബ്രാഹ്മണ- മുസ്‌ലിം വിഭാഗത്തിൽ നിന്ന് സ്ഥാനാർഥികളെ ഉറപ്പിക്കാനുള്ള ശ്രമവും തലവേദനയായിരിക്കുകയാണ്.

നേതാക്കളുടെ  പ്രതികരണങ്ങളിൽ ആത്മവിശ്വാസം ഉണ്ടെങ്കിലും പാർട്ടിക്കുള്ളിൽ കാര്യങ്ങൾ ശുഭകരമല്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആവർത്തിക്കാതിരിക്കാൻ  നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിലേക്ക് കടക്കാൻ ആയിരുന്നു എഐസിസി തീരുമാനം. അതുണ്ടായില്ല എന്ന് മാത്രമല്ല പ്രഖ്യാപിച്ച അഞ്ച് സ്ഥാനാർത്ഥികളെ പ്രചാരണം ആരംഭിച്ച ശേഷം മാറ്റേണ്ട സ്ഥിതിയിലാണ്.  ജയ്പൂരിലെ സ്ഥാനാർത്ഥി സുനില്‍ ശര്‍മക്ക് പകരം പ്രതാപ് സിങ്ങിനെ കൊണ്ടുവന്നതോടെയാണ് തുടക്കം. 

പാർട്ടിയെയും  രാഹുല്‍ ഗാന്ധിയും വിമര്‍ശിക്കുന്ന യുട്യൂബ് ചാനൽ ദ ജയ്പുര്‍ ഡയലോഗ് ഫോറവുമായി സുനില്‍ ശര്‍മക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു തീരുമാനം. ഈ മാറ്റത്തോടെ ബ്രാഹ്മണ പ്രാതിനിധ്യം ഇല്ലാതായി. ഇതോടെ അജ്മീർ സീറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള രാമചന്ദ്ര ചൗധരിയെ മാറ്റാൻ പാർട്ടി ചർച്ചകൾ ആരംഭിച്ചു. രാമചന്ദ്ര ചൗധരിക്കെതിരെ നേരത്തെ ഉയർന്ന ലൈംഗിക ആരോപണം ചർച്ചയായതു കൂടി നേതൃത്വം കാരണമായി പറയുന്നു  .

രാജ്‌സമന്ദിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥി സുദർശൻ സിംഗ് റാവത്ത് മത്സരിക്കാൻ താല്പര്യമില്ലെന്നും സ്ഥാനാർത്ഥിത്വത്തിന് ഒരുങ്ങിയിട്ടില്ലെന്നും പറഞ്ഞ് പിന്മാറി. ഭിൽവാരയിലെ ദാമോദർ ഗുർജറിനെ  രാജ്സമന്ദറിലേക്ക് കൊണ്ടുവരുന്നത് പരിഗണനയിലുണ്ട്. അങ്ങനെയെങ്കിൽ  ഭിൽവാരയിലേക്ക് ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള  സി.പി ജോഷിയെ കൊണ്ടുവന്നേക്കും . ഇതുവരെ പ്രഖ്യാപിച്ചതിൽ മുസ്ലിം സ്ഥാനാർഥിയില്ലാത്തതിൽ  നേതാക്കൾക്കിടയിൽ  രോഷം ഉയർന്നിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിനിടയിലെ ഗെലോട്ട് -  സച്ചിൻ വടംവലിയും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്.