‘ഇ.പി ഡല്‍ഹിയിലെത്തിയത് ബി.ജെ.പിയില്‍ ചേരാന്‍; ഒരു ഫോണ്‍ വന്നു; പിന്‍മാറി’

ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനെ കൂടുതല്‍ കുരുക്കിലാക്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ തുറന്നുപറച്ചില്‍. ബിജെപിയില്‍ ചേരാനിരുന്നതിന്റെ തലേന്നാണ് ജയരാജന്‍ പിന്‍മാറിയതെന്ന് ശോഭാ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ശോഭ പറയുന്നത് ശുദ്ധ അസംബന്ധമെന്ന് വിവാദ ഇടനിലക്കാരന്‍ നന്ദകുമാര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. ശോഭയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇ.പി.ജയരാജനും ആവര്‍ത്തിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനും  തമ്മില്‍ കണ്ടെന്ന വെളിപ്പെടുത്തലുകളാണ് പുതിയ വഴിത്തിരിവിലേക്ക് പോകുന്നത്.  ജാവഡേക്കര്‍ വരുന്നതിന് മുമ്പ്തന്നെ ഇ.പി.ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ തയാറെടുത്തുവെന്നാണ് ശോഭാസുരേന്ദ്രന്റെ തുറന്നുപറച്ചില്‍. ഇതിന്റെ ഭാഗമായി മൂന്നുതവണ അദ്ദേഹവുമായി നേരില്‍ കണ്ടുവെന്നും ശോഭ മലയാളമനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. വിവാദ ഇടനിലക്കാരന്‍ ടി.ജി നന്ദകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ബിജെപിയില്‍ ചേരാനുറച്ചാണ് ഇ.പി ഡല്‍ഹിയിലെത്തിയത്. ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ അദ്ദേഹം സമ്മര്‍ദ്ദത്തിലായെന്നും തുടര്‍ന്ന് പിന്‍മാറിയെന്നും ശോഭ. തന്നെക്കാള്‍ ജൂനിയറായ എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിലുള്ള വേദന ഇ.പി പങ്കുവച്ചെന്നും ശോഭ പറഞ്ഞു. അതേസമയം ശോഭ പറയുന്നത് ശുദ്ധ അസംബന്ധമെന്ന് വിവാദ ഇടനിലക്കാരന്‍ നന്ദകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ശോഭ സുരേന്ദ്രന്‍ – കെ.സുധാകരന്‍ കൂട്ടുകെട്ട് ഉല്‍പാദിപ്പിക്കുന്ന വിവരങ്ങളാണ് ഇതെല്ലാം തെളിവ് സഹിതം ശോഭയെ നേരിടാന്‍ തയ്യാറെന്നും നന്ദകുമാര്‍. 

ശോഭ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഇ.പി.ജയരാജന്‍. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കടുക്കാന്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു അദ്ദേഹം 

Sobha surendran reveals about EP Jayarajan