ഇ.പി വിവാദത്തില്‍ സിപിഐയ്ക്ക് അതൃപ്തി; പരസ്യപിന്തുണയില്‍ അമ്പരന്ന് ഘടകകക്ഷികള്‍

ഇ.പി.ജയരാജനെതിരെ നടപടിയുണ്ടാകാത്തതില്‍ ഇടതുമുന്നണിയില്‍ അതൃപ്തി. കണ്‍വീനര്‍ സ്ഥാനത്ത് ഇ.പി. തുടര്‍ന്നാല്‍ മുന്നണിയോഗത്തില്‍ സി.പി.ഐ വിഷയം ഉന്നയിക്കും. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് ശോഭ സുരേന്ദ്രനെതിരെ ഇ.പി. ഇന്ന് വക്കീല്‍ നോട്ടീസ് അയക്കും. എന്നാല്‍ നന്ദകുമാറിന് നോട്ടീസ് അയക്കുന്നതില്‍ തീരുമാനമായില്ല.

പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി.ജയരാജന് പാര്‍ട്ടി നല്‍കിയ പരസ്യ പിന്തുണയില്‍ അമ്പരന്നിരിക്കുകയാണ് ഘടകകക്ഷികള്‍. വിഷയം അടഞ്ഞ അധ്യായമല്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം നടപടിയുണ്ടാകുമെന്നുമാണ് സി.പി.ഐയുടെ പ്രതീക്ഷ. ഇ.പി. കേന്ദ്ര കമ്മിറ്റിയംഗമായതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷം ചേരുന്ന കേന്ദ്ര നേതൃയോഗങ്ങള്‍ വിഷയം പരിഗണിക്കേണ്ടതുണ്ട്. ഈ സംഘടനാ രീതിയുടെ ആനുകൂല്യമാണ് ഇപ്പോള്‍ ഇ.പിക്ക് കിട്ടിയിരിക്കുന്നതെന്നാണ് സൂചന. അതിനുശേഷവും പാര്‍ട്ടി ഇ.പിയുടെ കാര്യത്തില്‍ ഒളിച്ചുകളി തുടര്‍ന്നാല്‍ സി.പി.ഐക്ക് അംഗീകരിക്കാനാവില്ല. മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചെന്ന വിലയിരുത്തല്‍ കേരള കോണ്‍ഗ്രസ് എമ്മിനുമുണ്ട്. മുഖ്യമന്ത്രി അറിഞ്ഞ നീക്കമായതിനാലാണ് ഇ.പിക്കെതിരെ നടപടിയെടുക്കാത്തതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായെന്ന കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന വാദം നിയമപോരാട്ടം വഴി ഇ.പി തെളിയിക്കട്ടെ എന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ആരോപണം ഉന്നയിച്ച ശോഭ സുരേന്ദ്രനെതിരെ നിയമനടപടിയെടുക്കുന്നത് ഇ.പിക്ക് എളുപ്പമാണ്. എന്നാല്‍ ടി.ജി.നന്ദകുമാറിനെ തള്ളിപ്പറഞ്ഞ് നിയമനടപടിക്ക് ഇ.പി തയ്യാറാകുമോ എന്നതാണ് പ്രധാനം. നന്ദകുമാറിന്‍റെ കാര്യത്തില്‍ നിയമോപദേശം തേടിയശേഷമേ തുടര്‍നീക്കമുള്ളു എന്നാണ് ഇ.പി. ക്യാംപില്‍ നിന്നുള്ള വിവരം. 

Enter AMP Embedded Script