ചെന്നൈയിൽ മഴയെത്തിയിട്ട് 194 ദിവസം; 10 വർഷത്തിനിടെ ഇതാദ്യം

ചെന്നൈ നഗരം കൊടുംവരള്‍ച്ചയില്‍. നഗരത്തില്‍ മഴ ലഭിച്ചിട്ട് 194 ദിവസം പിന്നിട്ടു. ഇതോടെ കുടിവെള്ളമില്ലാതെ ഹോട്ടലുകളും ലോഡ്ജുകളും പൂട്ടിതുടങ്ങി. പ്രതിസന്ധി കടുത്തതോടെ നേരത്തെ ആയിരത്തിയഞ്ഞൂറ്  രൂപയ്ക്ക് ലഭിച്ചിരുന്ന പന്ത്രണ്ടായിരം ലിറ്ററുള്ള ഒരു ടാങ്കര്‍ ലോറി വെള്ളത്തിന് ഇപ്പോള്‍ വില എണ്ണായിരമായി കൂടി

 ലോഡ്ജ് നടത്താന്‍ തുടങ്ങിയിട്ട് ഒന്നരപതിറ്റാണ്ടിലേറെയായി. ഇങ്ങിനെയൊരു ബോര്‍ഡ് തൂക്കി കഴിഞ്ഞ ദിവസം ലോഡ്ജിന് താഴിട്ടു.  പണം കൊടുത്താല്‍ പോലും വെള്ളം കിട്ടാനില്ലാത്ത അവസ്ഥ. മഴമേഖങ്ങള്‍ ചെന്നൈയുടെ ആകാശത്തു നിന്ന് മാഞ്ഞിട്ട് ദിവസങ്ങള്‍ 194 ആയി. പത്തുവര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും കാലം മഴദൈവങ്ങള്‍ കനിയാതിരിക്കുന്നത്.

ദിവസം കഴിയുംതോറും ഹോട്ടലുകളും കൂള്‍‍ബാറുകളും ഓരോന്നായി അടയുകയാണ്. തുറന്നുവെച്ചിരിക്കുന്നതില്‍ തന്നെ സദ്യയും സാമ്പാറുമടക്കം വെള്ളം കൂടുതല്‍ വേണ്ട വിഭവങ്ങളില്ലെന്ന ബോര്‍ഡും പ്രത്യക്ഷപെട്ടു. ഐ.ടി കമ്പനികള്‍  ജീവനക്കാരോട് വീട്ടിലിരുന്നു ജോലി ചെയ്യാന്‍ നിര്‍ദേശിക്കുന്നു. വെള്ളം ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപെട്ടുവെന്നാരോപിച്ച് പ്രതിപക്ഷമായ ഡി.എം.കെ രംഗത്തെത്തി. ചൂട് 42  ഡിഗ്രി കടന്നതോടെ പകല്‍ പുറത്തിറങ്ങരുെതന്ന മുന്നറിയിപ്പുണ്ട്. നഗരത്തിലേക്ക് വെള്ളമെടുക്കുന്ന നാലു ജലസംഭരണികളിലും ആകെ ശേഷിയുടെ ഒരു ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്.