അവസാനഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്; പല മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ നിര

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. 5.30വരെ 60.08ശതമാനം പോളിങ് രേഖപ്പെടുത്തി. പല മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ നിര ഇപ്പോഴുമുണ്ട്. ഏഴാംഘട്ടത്തിലും ബംഗാളില്‍ അക്രമങ്ങള്‍ക്കും ഒട്ടും അയവുണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം തവണയും ജനവിധി തേടുന്ന വാരാണസിയടക്കം 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.

യുപി 13. പഞ്ചാബ് 13. ബംഗാള്‍ 9. മധ്യപ്രദേശ് 8. ബിഹാര്‍ 8. ഹിമാചല്‍ പ്രദേശ് 4. ജാര്‍ഖണ്ഡ് 3. ഒപ്പം കേന്ദ്ര ഭരണപ്രദേശമായ ഛണ്ഡീഗഡ്. എന്നിങ്ങനെയാണ് ഏഴാംഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തിയ മണ്ഡലങ്ങളുടെ പട്ടിക. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ തീപാറും പോരാട്ടം നടത്തിയ ബംഗാളില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയായി. ബാസിര്‍ഹട്ടില്‍ ബിജെപി തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പോളിങ് ബൂത്തിന് നേരെ ബോംബേറുണ്ടായി. തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്തതായും വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തിയതായും ബിജെപിയും സിപിഎമ്മും ആരോപിച്ചു. ജാദവ്പുരിലെയും ഡയമണ്ട് ഹാര്‍ബറിലെയും ബിജെപി സ്ഥാനാര്‍ഥികളുടെ കാര്‍ അടിച്ചു തര്‍ത്തു. ബിജെപിയെയും കേന്ദ്രസേനെയും കുറ്റപ്പെടുത്തി മുഖ്യമന്ത്രി മമത ബാനര്‍ജിയും വോട്ടെടുപ്പ് തൃണമൂല്‍ അട്ടിമറിച്ചുവെന്ന് ആരോപിച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും രംഗത്തുവന്നു.  

മോദിയുടെ ഭൂരിപക്ഷം എത്രയെന്ന ചോദ്യമേ വാരാണസിയില്‍ അവശേഷിക്കുന്നുള്ളൂ. യുപി മുഖ്യമന്ത്രിയുടെ തട്ടകമായ ഗോരഖ്പുരില്‍ ബിജെപിക്ക് അഗ്നിപരീക്ഷയാണ്. പഞ്ചാബില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഛണ്ഡീഗഡില്‍ കിരണ്‍ഖേറും പവന്‍ കുമാര്‍ ബന്‍സലും തമ്മിലും പട്ന സാഹിബില്‍ രവിശങ്കര്‍ പ്രസാദും ശത്രുഘ്നന്‍ സിന്‍ഹയും തമ്മില്‍ കടുത്ത മല്‍സരമാണ്.