തമിഴ്നാട്ടിൽ മോദി തരംഗത്തെ പിടിച്ചുകെട്ടി; 38 ൽ 37 ഉം സഖ്യത്തിന്

തമിഴ്നാട്ടില്‍ മോദി തരംഗത്തെ പിടിച്ചുകെട്ടി ഡിഎംകെ–കോണ്‍ഗ്രസ് സഖ്യം. മുപ്പത്തിയെട്ടില്‍ മുപ്പത്തിയേഴിടത്തും വിജയം. പുതുച്ചേരിയിലെ ഏക സീറ്റ്  കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. ലോക്സഭാ സീറ്റുകളിലെ പരാജയത്തിനിടയിലും, ഉപതിരഞ്ഞെടുപ്പിലെ  ഭേദപ്പെട്ട പ്രകടനം അണ്ണാ ഡിഎംകെ സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസമായി.

ഡിഎംകെ അധ്യക്ഷനായ ശേഷമുള്ള ആദ്യ പൊതു തിരഞ്ഞെടുപ്പില്‍  വന്‍ വിജയമാണ് എം.കെ.സ്റ്റാലിനെ തേടിയെത്തിയത്. ജയിച്ച സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗം പേരും വമ്പിച്ച ഭൂരിപക്ഷം നേടി. കരുണാനിധിയുടെ മകള്‍ കനിമൊഴി തൂത്തുക്കുടിയില്‍ രണ്ട് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്  ബിജെപി സംസ്ഥാന അധ്യക്ഷ തമിഴസൈ സൗന്ദര്‍രാജനെ പരാജയപ്പെടുത്തുന്നത്. മുന്‍ കേന്ദ്രമന്ത്രിമാരായ എ.രാജ നീലഗിരിയില്‍ നിന്നും ടി.ആര്‍.ബാലു ശ്രീപെരുംപുത്തൂരില്‍ നിന്നും ദയാനിധി മാരന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും ജയിച്ചുകയറി. പുതുച്ചേരിയടക്കം കോണ്‍ഗ്രസിന്‍റെ ഒമ്പത് സ്ഥാനാരഥികളും വിജയക്കൊടി പാറിച്ചു. മുതിര്‍ന്ന അണ്ണാ ഡിഎംകെ നേതാവും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പിദുരൈക്കെതിരെ കരൂരില്‍ നിന്നും അട്ടിമറി വിജയം നേടിയ രാഹുല്‍ ബ്രിഗേഡിലെ യുവ നേതാവ് ജോതിമണിയാണ് തിളങ്ങിയവരില്‍ പ്രമുഖര്‍. 

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്‍ കന്യാകുമാരിയില്‍ ദയനീയമായി പരാജയപ്പെട്ടു. മത്സരിച്ച രണ്ട് വീതം സീറ്റുകളില്‍ സിപിഎമ്മും സിപിഐയും മികച്ച വിജയം നേടി. ശിവഗംഗയില്‍ കാര്‍ത്തി ചിദംബരവും രാമനാഥപുരത്ത് മുസ്്ലിം ലീഗ് സ്ഥാനാര്‍ഥി നവാസ് കനിയും  വിജയിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന ഇരുപത്തിരണ്ട് നിയമസഭ മണ്ഡലങ്ങളില്‍ ഒമ്പതിടത്താണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെ മുന്നിലെത്തിയത്. ഭരണം സുസ്ഥിരമാകാന്‍ പത്ത് സീറ്റെങ്കിലും വേണമെങ്കിലും, തല്‍ക്കാലികമായി സര്‍ക്കാരിന് ആശ്വസിക്കാം. പക്ഷേ കൂടെയുണ്ടെന്ന് വിശ്വസിക്കുന്ന മൂന്ന് സ്വതന്ത്രരില്‍ ആരെങ്കിലും കാല് മാറിയാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും.