സാബായും ഫറായും വോട്ട് ചെയ്തു, ഒറ്റയ്ക്കൊറ്റയ്ക്ക്

പട്ന (ബിഹാർ): ശത്രുഘ്നൻ സിൻഹയും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും കൊമ്പുകോർക്കുന്ന പട്ന സാഹിബ് മണ്ഡലത്തിലെ ബൂത്തിൽനിന്ന് വോട്ടിങ് കഴിഞ്ഞ് പുറത്തിറങ്ങിയ സാബാ ഷക്കീലും ഫറാ ഷക്കീലും ഇന്നലെ  സന്തോഷത്തിലായിരുന്നു. കഴിഞ്ഞ തവണ ഇരുവർക്കും കൂടി ഒറ്റ വോട്ടാണ്  ഉണ്ടായിരുന്നത്, എന്നാൽ ഇത്തവണ  സ്വന്തം നിലയ്ക്ക് വോട്ട് ചെയ്തു. 

ജന്മനാ തലകൾ കൂട്ടിച്ചേർക്കപ്പെട്ട നിലയിലുളള സയാമീസ് ഇരട്ടകളാണ് സാബായും ഫറായും. പട്നയിലെ സമൻപുര സ്വദേശിനികളായ ഇവർ 2015ൽ നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ട് ചെയ്തത്. ഇരുവർക്കുമായി ഒരു വോട്ടർ ഐഡിയും ഒരു വോട്ടുമാണ് അന്ന് അനുവദിച്ചത്. ഒരാൾ ചെയ്യുന്ന വോട്ട് മറ്റെയാൾക്ക് കാണാൻ സാധിക്കുമെന്നതായിരുന്നു കാരണം

ഒറ്റയ്ക്കൊറ്റയ്ക്ക് വോട്ട് ചെയ്യാൻ പട്ന ജില്ലാ കോടതിയിൽനിന്ന് ഇത്തവണ അനുമതി ലഭിച്ചിരുന്നു. യുവതികളുടെ ശാരീരിക അവസ്ഥയല്ല, മറിച്ച്  മാനസികാവസ്ഥ പരിഗണിച്ചാണു വോട്ടിങ് അവകാശം നിർണയിക്കേണ്ടതെന്ന് കോടതി പറഞ്ഞു. തലകൾ ഇരുവശങ്ങളിലേക്കു തിരിഞ്ഞിരിക്കുന്നതിനാൽ വോട്ടിങ്ങിന്റെ രഹസ്യാത്മകതയെ ബാധിക്കില്ലെന്നും അഭിപ്രായമുയർന്നു.

സൽമാന്റെ ആരാധകർ

‘രാഖി സഹോദരിമാർ’ എന്ന പേരിൽ പ്രശസ്തരാണു യുവതികൾ. ബോളിവുഡ് താരം സൽമാൻ ഖാന്റെ കടുത്ത ആരാധകരായ ഇവരെ സൽമാൻ നേരിട്ടു മുംബൈയിലേക്കു ക്ഷണിച്ചിരുന്നു. ഇവിടെവച്ച് താരത്തിനു രാഖി കെട്ടുകയും ചെയ്തു.

ഇരുവരെയും ശസ്ത്രക്രിയ വഴി വേർതിരിക്കാൻ മുൻപ് എയിംസിലെ ഡോക്ടർമാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ ജനിച്ച ഇവർക്ക് മാസം 20,000 രൂപ ധനസഹായം ബിഹാർ സർക്കാരിൽ നിന്നു ലഭിക്കുന്നുണ്ട്. ഇരുവരും ചേർന്ന് പട്നയിൽ മൊബൈൽ ഭക്ഷണശാല നടത്തുന്നുണ്ട്.