അന്ന് വോട്ടു ചെയ്യാതെ നിരാശയോടെ മടക്കം; ഇന്ന് ഷാലറ്റാണ് താരം

പിലാത്തറ : 23ന് നടന്ന തിരഞ്ഞെടുപ്പിൽ തന്‍റെ വോട്ട് മറ്റാരോ ചെയ്തതിനാൽ വോട്ടു ചെയ്യാതെ മടങ്ങിയ കെ.ജെ.ഷാലറ്റ് ഇന്നലെ റീപോളിങ്ങില്‍ വോട്ട് ചെയ്തു. പിലാത്തറ യുപി സ്കൂൾ 19ാം ബൂത്തിലെ വോട്ടറായ കെ.ജെ.ഷാലറ്റാണ് ഇന്നലെ രാവിലെ പോളിങ് ബുത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്.

സിപിഎം പഞ്ചായത്ത് അംഗം അടക്കം കള്ളവോട്ട് ചെയ്തതിനെ തുടർന്നു റീപോളിങ് നടന്ന പിലാത്തറയിലെ ബൂത്തിൽ നിന്നു വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്നു ഷാലറ്റിനെതിരെ വാക്കേറ്റവും ശകാരവും ഒരു കൂട്ടം സിപിഎം പ്രവർത്തകർ പ്രകടിപ്പിച്ചത് ആശങ്കയിലാക്കി. എന്നാൽ പൊലീസ് ഉടൻ ഷാലറ്റിനെ ബൂത്ത് പരിസരത്തു നിന്നു പൊലീസ് വാഹനത്തിൽ വീട്ടിലേക്ക് മാറ്റി. ഒപ്പം വന്ന ഭർത്താവിനെ ഷാലറ്റ് കാത്തു നിൽക്കുന്നതിനടയിലാണ് വാക്കേറ്റവുമായി ഒരു സംഘം എത്തിയത്.

സ്വന്തം വോട്ട് രേഖപ്പെടുത്താൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും ജനാധിപത്യത്തിന്‍റെ സത്യസന്ധതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഷാലറ്റ് പറഞ്ഞു. 23 ന് വോട്ട് ചെയ്യാനെത്തിയ ഷാലറ്റ് സ്ലിപ്പിലെ ക്രമനമ്പർ പറഞ്ഞപ്പോൾ വോട്ട് മുൻപെ രേഖപ്പെടുത്തിയതായി പോളിങ് ഓഫിസർ അറിയിക്കുകയായിരുന്നു. മഷി പതിയാത്ത വിരലും തിരിച്ചറിയൽ കാർഡ് കാണിച്ചെങ്കിലും വോട്ട് രേഖപ്പെടുത്തിയതിനാൽ മറ്റ് മാർഗമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഇതോടെ വോട്ട് ചെയ്യാൻ സാധിക്കാതെ ഷാലറ്റ് മടങ്ങിയിരുന്നു