അന്തരിച്ച പിതാവിനുനേരെ അപഹാസം; കേന്ദ്രമന്ത്രിക്ക് ‘മാന്യമായി’ മറുപടി പറഞ്ഞ് നടന്‍

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ‌് വിലാസ്റാവു ദേശ്മുഖിനെതിരെ ഗുരുതര ആരോപണം നടത്തിയ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന് മറുപടിയുമായി മകൻ രംഗത്ത്. തിരിച്ച് പ്രതികരിക്കാനില്ലെന്ന് ഉറപ്പുള്ള ഒരാൾക്കെതിരെ ഇത്തരത്തിൽ പരാമർശങ്ങൾ നടത്തുന്നത് തെറ്റാണന്ന് ബോളിവുഡ് നടനു കൂടിയായ റിതേശ് ദേശ്മുഖ് ട്വറ്ററിൽ കുറിച്ചു. പിതാവിനൊപ്പം താനും പ്രവർത്തിച്ചിരുന്നു. എന്നാൽ തനിക്ക് സിനിമയിൽ അവസരം ലഭിക്കാൻ അദ്ദേഹം ഒരു സംവിധായകനുമായും ഒരുവട്ടം പോലും സംസാരിച്ചിട്ടില്ല. അക്കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്. എന്നാൽ താജില്‍ വെടിവയ്പ്പും ബോംബേറും നടക്കുന്ന സമയത്ത് താജ് അല്ലെങ്കിൽ ഒബ്റോയി ഹോട്ടലിൽ പിതാവ് സന്ദർശിച്ചിരുന്നു എന്ന വാദവും റിതേശ് തള്ളി. ഞാന്‍ ആ സമയത്ത് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു എന്ന വാദവും തെറ്റാണ്.

പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ കുറച്ച് വൈകിപ്പോയി. എന്നാൽ ഏഴ് വർഷങ്ങൾക്ക് ശേഷം വിലാസ്റാവു ദേശ്മുഖ് താങ്കൾക്ക് മറുപടി നൽകിയിരിക്കുകയാണെന്നും റിതേഷ് കൂട്ടിച്ചേർത്തു. പീയുഷ് ഗോയലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് പറഞ്ഞാണ് റിതേഷിന്റെ കുറിപ്പ് അവസാനിക്കുന്നത്.

മുംബൈ ഭീകരാക്രമണം നടക്കുന്ന സമയത്ത് തന്റെ മകന് സിനിമയിൽ അവസരം ലഭിക്കുന്നതിനെക്കുറിച്ച് മാത്രമായിരുന്നു വിലാസ്റാവുവിന്റെ ഉത്‌കണ്‌ഠയെന്നായിരുന്നു പിയുഷ് ഗോയാലിന്റെ പരാമർശം. ഹോട്ടലിൽ വെടിവയ്പ്പ് നടത്തുമ്പോൾ അദ്ദേഹം ഒരു നിർമാതാവുമായി സംസാരിക്കുകയായിരുന്നുവെന്നും പീയൂഷ് ഗോയല്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.