ദക്ഷിണ കന്നഡ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ്

കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡ. യുവനേതാവായ മിഥുന്‍ റൈയേയാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. യുവാക്കളുടെ വോട്ടില്‍ കണ്ണുവച്ചാണ് പ്രചാരണം.

ദക്ഷിണ കന്നഡ ലോകസഭ മണ്ഡലത്തിലുള്‍പ്പെട്ട വിവിധ നിയമസഭ മണ്ഡലങ്ങള്‍ കാസര്‍കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നു. ബിജെപിയില്‍ നിന്ന് മണ്ഡലം പിടിക്കാന്‍ ശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസ് ഇക്കുറി നടത്തുന്നത്. വിവിധ മേഖലകളില്‍ സംഘടിപ്പിക്കുന്ന ചെറുയോഗങ്ങളിലൂടെയാണ് പ്രചാരണം. മൂന്നാം വട്ടവും ജനവിധി തേടുന്ന നളിന്‍ കുമാര്‍ ഘട്ടീലാണ് ബിജെപി സ്ഥാനാര്‍ഥി. യൂത്ത് കോണ്‍ഗ്രസ് ദക്ഷിണ കന്നഡ ജില്ലാ അധ്യക്ഷനെ അങ്കത്തിനിറക്കുന്നതിലൂടെ മണ്ഡലത്തിലെ കന്നിവോട്ടുകളാണ് ലക്ഷ്യം.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡയിലെ എട്ടുമണ്ഡലങ്ങളില്‍ ഒന്നുമാത്രമാണ് കോണ്ഡഗ്രസ് നേടിയത്. പക്ഷേ ഈ തകര്‍ച്ച തിരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നാണ് ആത്മവിശ്വാസം. തിരദേശമേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയുണ്ട്.