ഭരണം നിലനിര്‍ത്താൻ ചന്ദ്രബാബു നായിഡു; കർഷകരോഷം വോട്ടാക്കാൻ ജഗന്‍ മോഹന്‍

ആന്ധ്രപ്രദേശില്‍ ഭരണം നിലനിര്‍ത്താനുള്ള കഠിന പരിശ്രമത്തിലാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കര്‍ഷകരോഷം തിരിച്ചടിയാകുമോ എന്ന ആശങ്ക ഭരണപക്ഷത്തിനുണ്ട്. അതേസമയം ആന്ധ്രയ്ക്ക് പ്രത്യക പദവിയെന്ന ഉറപ്പുനല്‍കിയാണ് പ്രതിപക്ഷ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രചാരണം.

തെലുങ്ക് ദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും തമ്മില്‍ കനത്ത പോരാട്ടമാണ് ആന്ധ്രയില്‍ നടക്കുന്നത്. കാര്‍ഷിക പ്രശ്നങ്ങളാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് 670 കോടി രൂപ 67 ലക്ഷം കര്‍ഷകര്‍ക്കായി ചന്ദ്രബാബു നായിഡു നല്‍കിയെങ്കിലും കര്‍ഷക രോഷം തണുക്കാന്‍ ഇടയില്ല. സംസ്ഥാന ഭരണത്തിന്‍റെ എല്ലാ തലങ്ങളിലും ഇടപെട്ട് ജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കുന്നതിനുള്ള ആര്‍.ടി.ജി.എസ് പദ്ധതി നടപ്പിലാക്കിയതിലൂടെ ജനപ്രീതിയേറും എന്നാണ് ടിഡിപി കണക്കുകൂട്ടുന്നത്. 

വികസപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാത്തത് പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. കാര്‍ഷകരുടെയടക്കം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ആന്ധ്രയ്ക്ക് പ്രത്യേക പദവി നേടിത്തരുമെന്നുമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഗ്ദാനം.