പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ കശ്മീരികൾ; അക്രമി ഇന്ത്യക്കാരൻ: പാക് മന്ത്രി

പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് നിഷേധിച്ച് പാക് റെയിൽവെ മന്ത്രി ഷെയ്ഖ് റഷീദ്. പാകിസ്താനല്ല, കശ്മീരികളാണ് പുൽവാമയിൽ ആക്രമണം നടത്തിയതെന്നും ഷെയ്ഖ് റഷീദ് പ്രതികരിച്ചു. 

''ഭീകരവാദത്തിന്റെ ഇരയാണ് പാകിസ്താൻ. മറ്റ് രാജ്യങ്ങൾക്കെതിരെ ഭീകരാക്രമണം നടത്തുന്നതിനെപ്പറ്റി ഞങ്ങൾക്ക് ചിന്തിക്കാൻ പോലുമാകില്ല. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന് ഒരു പങ്കുമില്ല. മുജാഹിദിനുകളായി മാറിയ കശ്മീരികളാണ് ആക്രമണത്തിന് പിന്നില്‍. ഇന്നത്തെ കാലത്ത് മുജാഹിദിനുകളാകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല''-ഷെയ്ഖ് റഷീദ് പറഞ്ഞു. 

''പുൽവാമ ആക്രമണം ആസൂത്രണം ചെയ്തത് ഇന്ത്യയിലാണ്. പാകിസ്താന് അതിൽ ഒരു പങ്കുമില്ല. സിആർപിഎഫ് വാഹനത്തിനുനേരെ ഉപയോഗിച്ച സ്ഫോടനവസ്തുക്കൾ ഇന്ത്യയിൽ നിർമിച്ചവയാണ്. ആക്രമണത്തിനുപയോഗിച്ച എസ്‌യുവി വാഹനവും അക്രമിയും ഇന്ത്യയിൽ നിന്നുതന്നെ''– മന്ത്രി പറഞ്ഞു.

''കശ്മീരിൽ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു. ചാവേറാകാൻ യുവാവിനെ പ്രേരിപ്പിച്ചതും ഇതുതന്നെയായിരിക്കാം.''-ഷെയ്ഖ് റഷീദ് പറഞ്ഞു. 

നേരത്തെ ഇന്ത്യക്കെതിരെ ഷെയ്ഖ് റഷീദ് പരോക്ഷ ഭീഷണി മുഴക്കിയത് വലിയ വിവാദമായിരുന്നു. പാകിസ്താനെ കഴുകൻ കണ്ണുകളോട് നോക്കിയാൽ ആ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നായിരുന്നു ഷെയ്ഖ് റഷീദിന്റെ പരാമർശം.