പുൽവാമയിൽ ഭീകരർക്ക് സഹായിയായത് 23 കാരി; എൻഐഎ കുറ്റപത്രം

പുൽവാമ ആക്രമണത്തിൽ ജയ്ഷ് എ മുഹമ്മദ് ഭീകരർക്ക് സഹായിയായത് 23കാരിയായ ഇൻഷാ ജാൻ എന്ന് എൻഐഎ കുറ്റപത്രം. ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരൻ കൊല്ലപ്പെട്ട മൊഹ്ദ് ഉമർ ഫാറൂഖുമായി ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയും ഇൻഷായ്ക്കുണ്ടായത് അടുത്ത ബന്ധം. ഇരുവരും കൈമാറിയ ഫോൺ സന്ദേശങ്ങളെക്കുറിച്ചും എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാണ്.13,500 പേജുള്ള കുറ്റപത്രമാണ് എൻഐഎ സമർപ്പിച്ചത്. ഇൻഷാ ജാനിന്റെ പിതാവ് താരിഖ് പിർനും ഭീകരവാദികളുമായി ബന്ധമുണ്ടായിരുന്നു. ഒന്നിലേറെ തവണ ഭീകരരെ വീട്ടിൽ പാർപ്പിക്കുകയും ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുകയം ചെയ്തു.

കഴിഞ്ഞ ഫെബ്രുവരി 14നുണ്ടായ ആക്രമണത്തിൽ 40 സൈനികരാണ് വീരമൃത്യു വരിച്ചത്. സുരക്ഷാസേനയുടെ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ അപ്പപ്പോൾ തന്നെ ഇൻഷാ ഉമർ ഫാറൂഖിന് കൈമാറിയിരുന്നു. ജെയ്ഷ് എ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ അനന്തിരവനാണ് ഉമർ ഫാറൂഖ്. 2018 ഏപ്രിൽ 14 നാണ് മറ്റു നാലു പേർക്കൊപ്പം ഉമർ ഫാറൂഖ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്.