'വസന്തകുമാറിന്റെ ജീവത്യാഗം കരുത്തുപകരുന്നു'; സ്മരിച്ച് ജന്‍മനാട്

ദേശസ്നേഹ ചരിത്രത്തില്‍ വയനാടിനെ അടയപ്പെടുത്തിയ ധീരജവാന്‍ വസന്തകുമാറിനെ സ്മരിച്ച് ജന്‍മനാട്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ നിരവധി പേരെത്തി. കഴിഞ്ഞ വര്‍ഷം ഈ ദിവസം  പുല്‍വായില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരിലൊരാളായ വസന്തകുമാറിന്റെ ജ്വലിക്കുന്ന ഓര്‍മ്മയിലാണ് നാട്.

വീരമൃത്യുവിന്റെ ഒന്നാം വാര്‍ഷികത്തിന് നൂറുകണക്കിന് പേര്‍ തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ തറവാട് വീട്ടിലേക്കെത്തി. സ്മൃതികുടീരത്തിലെത്തി ധീരജവാന്റെ ഒാര്‍മ്മപുതുക്കി. പുഷ്പാര്‍ച്ചന അര്‍പ്പിക്കാന്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സഹപ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും എത്തിയിരുന്നു.

വസന്തകുമാറിന്റെ രാജ്യത്തിന് വേണ്ടിയുള്ള ജീവത്യാഗം ഒരോ നിമിഷവും കരുത്തുപകരുന്നുവെന്ന് ഭാര്യ ഷീന പറഞ്ഞു. വസന്തകുമാര്‍ പ്രാഥമികവിദ്യാഭ്യാസം നടത്തിയ ലക്കിടി സ്കൂളിലും അനുസ്മരണപരിപാടി നടത്തി. ഇവിടെ പഞ്ചായത്ത് ഭരണസമിതി സ്മാരകം നിര്‍മ്മിക്കുന്നുണ്ട്.