200 ൽ അധികം ഭീകരർ കൊല്ലപ്പെട്ടു; തെളിവുകൾ നിരത്തി പാക്ക് ആക്ടിവിസ്റ്റ്; വിഡിയോ

ബാലാക്കോട്ടിൽ ജയ്ഷെ ഭീകരകേന്ദ്രത്തിനെതിരെ ഇന്ത്യ വ്യോമാക്രമണം നടത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും വിദേശമാധ്യമങ്ങളെ സ്ഥലത്തേക്ക് പ്രവേശിപ്പിക്കാതെ ഒളിച്ചു കളിക്കുകയാണ് പാക്കിസ്ഥാൻ. ഇന്ത്യ തകർത്ത ജയ്ഷെ ഭീകരക്യാംപിന്റെ ദൃശ്യങ്ങളെടുക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനുമായി മാധ്യമങ്ങളെ പ്രവേശിപ്പിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല. രണ്ടു തവണ പാക്ക് സൈനിക വക്താവ് മാധ്യമങ്ങളെ കൊണ്ടുപോകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ മോശം കാലവസ്ഥയും സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാട്ടി സന്ദർശനം സൈന്യം അനുവദിച്ചിരുന്നില്ല.ആൾപാർപ്പില്ലാത്ത സ്ഥലങ്ങളിലാണ് ഇന്ത്യ ബോംബിട്ടതെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. 

എന്നാൽ പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലകോട്ടില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് അവകാശപ്പെട്ട്  പാക്ക് അധീന കശ്മീരില്‍ നിന്നുള്ള ആക്ടിവിസ്റ്റ് രംഗത്തു വന്നത് പാക്കിസ്ഥാനെ പ്രതിരോധത്തിലാഴ്ത്തി.  പാക്ക് അധീന കശ്മീര്‍ സ്വദേശിയായ സെന്‍ജെ ഹസ്നാന്‍ സെറിങാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ അമേരിക്കയിലാണ് ഇയാള്‍. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു വെളിപ്പെടുത്തൽ നടത്തിയത്. 

കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ പാക്കിസ്ഥാൻ സൈനികോദ്യോഗസ്ഥന്‍ ആശ്വസിപ്പിക്കുന്ന വിഡിയോയും ഇയാൾ സമൂഹമാധ്യങ്ങളിലൂടെ പുറത്തു വിട്ടിരുന്നു.ഭീകരര്‍ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകുമെന്നും അവര്‍ ശത്രുക്കളോട് പോരാടാന്‍ പാക്ക് സര്‍ക്കാരിനെ സഹായിച്ചവരാണെന്നും സൈനികോദ്യോഗസ്ഥന്‍ വിഡിയോയില്‍ പറയുന്നത് വ്യക്തമാണു താനും.

എന്നാൽ വിഡിയോ ഇന്ത്യൻ തിരിച്ചടിയുടെ തന്നെയാണോയെന്നതിനെ കുറിച്ച് തനിക്കു ഉറപ്പില്ലെന്ന്  സെന്‍ജെ സെറിങ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. എന്നാല്‍ എന്തൊക്കെയോ പാക്കിസ്ഥാന്‍ മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിരവധി മൃതദേഹങ്ങൾ ബാലകോട്ടിൽ നിന്ന് പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂണ്‌ഖ്വയിലേയ്ക്ക് മാറ്റിയതായി ഒരു ഉറുദു മാധ്യമത്തിൽ റിപ്പോർട്ടുണ്ടായിരുന്നുവെന്നും സെറിങ് അവകാശപ്പെട്ടു. 

ഇന്ത്യ ബോംബിട്ടത് വനത്തിലും കൃഷിയിടത്തിലുമാണെന്ന് അവകാശപ്പെടുന്ന പാക്കിസ്ഥാൻ എന്തുകൊണ്ടാണ് മാധ്യമങ്ങളെ സ്വതന്ത്യമായി പരിശോധന നടത്താൻ അനുവദിക്കാത്തതെന്നും സെൻജെ സെറിങ്ങ് ചോദിച്ചു. വിവിധ ദേശീയ മാധ്യമങ്ങൾ ഫോൺ കോൾ വഴിയും മറ്റു രഹസ്യന്വേഷണങ്ങളിലൂടെയും കണ്ടെത്തിയ രേഖകൾ പ്രകാരം ഇന്ത്യ ബാലാകോട്ടിലെ ഭീകരക്യാംപുകൾ തകർത്തു എന്നു തന്നെയാണ് തെളിയുന്നത്. ഫെബ്രുവരി 26 നു നടത്തിയ ആക്രമണത്തിൽ ഭീകരക്യാംപിലുണ്ടായിരുന്ന മുതിർന്ന പാക്ക് സൈനികര്‍ വരെ മരിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. നാലോ അ‍ഞ്ചോ സൈനികർ മരിച്ചിട്ടുണ്ടെന്നാണ് ബാലോകോട്ടിലെ ഒരു വ്യക്തി ഫോൺ കോൾ വഴി പറഞ്ഞത്. ഇവിടുത്തെ ഭീകരക്യാംപുകളി‍ൽ പാക്ക് സൈനികരും പരിശീലനം നടത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 

ആക്രമണം നടന്നതിനു ശേഷം പുറത്തുനിന്നു ഒരാളെയും പ്രദേശത്തേക്ക് കയറ്റിവിട്ടിട്ടില്ല. ഇവിടേക്കുള്ള വഴികളെല്ലാം സൈന്യം തന്നെ അടച്ചു. ആക്രമണം സംബന്ധിച്ചുള്ള ഒരു രേഖകളും പുറത്തുവിടരുതെന്ന് പാക്ക് സൈനിക മേധാവികൾ അറിയിപ്പു നൽകിയിരുന്നു. ആക്രണത്തിൽ സംഭവിച്ചതെന്ത് പുറം ലോകം അറിയാതിരിക്കാൻ ബാലാകോട്ടിലെ മൊബൈൽ ഇന്റർനെറ്റ് വരെ ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ എത്ര പേരാണ് മരിച്ചതെന്ന് വ്യക്തമാക്കാൻ പ്രദേശവാസികൾക്കും സാധിച്ചിട്ടില്ല. ഫെബ്രുവരി 27 ന് ഇന്ത്യൻ വ്യോമസേന തകർത്തത് പാക്കിസ്ഥാന്റെ അമേരിക്കൻ നിർമിത എഫ്–16 പോർവിമാനമാണെന്ന കാര്യവും പാക്ക് പൊലീസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.