നല്ല തമിഴ്നാടിനായി തന്നെ ഉപയോഗിക്കൂ; മക്കള്‍ നീതി മയ്യം ഒന്നാം വാര്‍ഷികത്തിൽ കമൽ

അണ്ണാ ഡിഎംകെ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കമല്‍ഹാസന്‍ പാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് എത്തിയത്. ഇന്ന് മക്കള്‍ നീതി മയ്യം ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. നിര്‍ണായകമായ ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ഡിഎംകെയ്ക്ക് എതിരെ കൂടി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കമല്‍ഹാസന്‍.  

അഴിമതിവിരുദ്ധ പോരാട്ടത്തിന്‍റെ പടനായകനായാണ് കമല്‍ഹാസന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. അഴിമതിയും സാമൂഹ്യപ്രശ്നങ്ങളും ചൂണ്ടിക്കാണിക്കാന്‍ മയ്യം വിസില്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. അതിലൂടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കേട്ടു. തൂത്തുക്കുടി വെടിവയ്പുണ്ടായപ്പൊഴും ഗജ ചുഴലിക്കാറ്റ് നാശം വിതച്ചപ്പോഴും ജനങ്ങളെ ആശ്വസിപ്പിക്കാന്‍ നമ്മവര്‍ ഓടിയെത്തി. ജനകീയ വിഷയങ്ങളില്‍ കൃത്യമായി ഇടപെട്ടു. ഗ്രാമസഭകള്‍ വിളിച്ചുകൂട്ടി ജനവുമായി സംവദിച്ചു. 

പഠനം പോലെ പ്രധാനമാണ് രാഷ്ട്രീയമെന്ന് വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.  ഒന്നാം വാര്‍ഷിക ദിനത്തില്‍ ചെന്നൈ പാര്‍ട്ടി ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷം കമല്‍ അണികളോടായി പറഞ്ഞത് നല്ല തമിഴ്നാടിനായി തന്നെ ഉപയോഗിക്കാനാണ്.  ജനങ്ങള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഒരു ഉപകരണമാണ് താന്‍. അത് കൃത്യമായി ഉപയോഗിച്ചാല്‍ നാളത്തെ തമിഴ്നാട് നമ്മുടെതാണ്. അണ്ണാ ഡിഎംകെയെ വിമര്‍ശിച്ചാണ് തുടക്കം. ഇപ്പോള്‍ ഡിഎംകെയ്ക്കും സ്റ്റാലിനുമെതിരെയും തിരിഞ്ഞു. രജനീകാന്തിനെയും വെറുതെവിട്ടിരുന്നില്ല. ബിജെപിക്കെതിരെ ഉറച്ച നിലപാടുകള്‍. ഒരു വയസ് പൂര്‍ത്തിയായ മക്കള്‍ നീതി മയ്യത്തിന് വരുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ആദ്യ പരീക്ഷണശാലയാണ്.