കടങ്ങളെല്ലാം തീർക്കും; മതിയാകുവോളം ഭക്ഷണം കഴിക്കും; സഹായിക്കും: കമൽ

കമൽഹാസൻ നായകനായെത്തിയ ചിത്രം 'വിക്രം' വൻ വിജയം നേടിയാണ് പ്രദർശനം തുടരുന്നത്. ആഗോളതലത്തിൽ ചിത്രം 300 കോടിയോളം ബോക്‌സോഫീസിൽ നേടിയതായാണ് റിപ്പോർട്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നു. ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം ഉടൻ തന്നെ 2022-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി മാറുമെന്നാണ് റിപ്പോര്‍ട്ട്.

ആഗോളതലത്തിൽ ഏകദേശം 315 കോടി രൂപയാണ് വിക്രം നേടിയിരിക്കുന്നത്. ചെന്നൈയിൽ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കമൽഹാസൻ ഇക്കാര്യം സൂചിപ്പിച്ചത്. 'എല്ലാവരും പുരോഗമിക്കണമെങ്കിൽ, പണത്തെക്കുറിച്ച് വിഷമമില്ലാത്ത ഒരു നേതാവിനെ നമുക്ക് വേണം. എനിക്ക് 300 കോടി രൂപ ഒറ്റയടിക്ക് സമ്പാദിക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ ആരും അത് മനസ്സിലാക്കിയില്ല. അവർ കരുതി ഞാൻ എന്റെ നെഞ്ചിൽ ഇടിക്കുകയാണെന്ന്. ഇപ്പോൾ അത് സംഭവിച്ചു. ഈ പണം കൊണ്ട് ഞാൻ എന്റെ കടമെല്ലാം തിരിച്ചടക്കും. തൃപ്തിയാകുന്നത് വരെ ഭക്ഷണം കഴിക്കും. 

എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും കഴിയുന്നവിധം സഹായം നൽകും. അതിനു ശേഷം ഒന്നും ബാക്കി ഇല്ലെങ്കിൽ ഇനി കൊടുക്കാൻ ഇല്ല എന്ന് പറയും. മറ്റൊരാളുടെ പണം വാങ്ങി മറ്റുള്ളവരെ സഹായിക്കേണ്ടതില്ല. എനിക്ക് വമ്പൻ പദവികളൊന്നും വേണ്ട. ഞാൻ ഒരു നല്ല മനുഷ്യനാകാൻ ആഗ്രഹിക്കുന്നു'. കമൽഹാസൻ പറഞ്ഞു.