ലോകേഷിന്‌ ആഡംബര കാർ സമ്മാനിച്ച് കമൽഹാസന്‍; വിജയമധുരം

വിക്രം ലോകമെമ്പാടും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരവെ, സംവിധായകൻ ലോകേഷ് കനകരാജിന് ആഡംബര കാർ സമ്മാനമായി നൽകി  കമൽഹാസൻ. പ്രമുഖ ബ്രാൻഡായ ലെക്സസിന്റെ പ്രീമിയം മോഡൽ കാറാണ് കമൽ ലോകേഷിന് സമ്മാനിച്ചത്. ലോകേഷിന് പുതിയ കാറിന്റെ താക്കോൽ കമൽ സമ്മാനിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നു.

എന്നാൽ ലെക്സസിന്റെ ഏതു മോഡൽ കാറാണ് സമ്മാനിച്ചതെന്ന് വ്യക്തമല്ല. ലെക്സസ് കാറുകളോട് ഭ്രമമുള്ള കമൽ ആദ്യമായാണ് അത്തരത്തിലൊന്നു ഒരാൾക്ക് സമ്മാനമായി നൽകുന്നത്. കഴിഞ്ഞ ദിവസം കമൽ ഹാസൻ തനിക്ക് അയച്ച കത്ത് ലോകേഷ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. 'ലൈഫ് ടൈം സെറ്റില്‍മെന്റ് ലെറ്റര്‍’ എന്നാണ് കത്ത് പങ്കുവെച്ച് ലോകേഷ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.

തനിക്ക് കാർ സമ്മാനിച്ച കമൽ ഹാസന് നന്ദി പറഞ്ഞ് ലോകേഷ് കനകരാജും ട്വിറ്ററിൽ പോസ്റ്റുമായി എത്തി. കാറിന്റെ മുൻപിൽ നിൽക്കുന്ന ചിത്രവുമായിട്ടാണ് ലോകേഷ് എത്തിയത്. 

ലോകേഷ് കനകരാജിന്റെ കമൽ ഹാസൻ ചിത്രം വിക്രം ഇന്ത്യൻ ബോക്സോഫീസിലും ആഗോള ബോക്സോഫീസിലും തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. മൂന്ന് ദിവസം കൊണ്ട് 150 കോടി ആഗോള കളക്ഷൻ നേടിയ ചിത്രം ഇപ്പോൾ ഇരുന്നൂറു കോടിയിലേക്കുള്ള കുതിപ്പിലാണ്. ഒരാഴ്ച കൊണ്ട് മുന്നൂറു കോടി ക്ലബിൽ 'വിക്രം' ഇടം പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്തായാലും  കമൽഹാസന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് വിക്രം മുന്നേറിക്കൊണ്ടിരിക്കുന്നത്.