'ലൈഫ് ടൈം സെറ്റില്‍മെന്റ് ലെറ്റര്‍’; ലോകേഷിന്‌ കത്തയച്ച് കമൽ; വികാരഭരിതനായി സംവിധായകൻ

ലോകേഷ് കനകരാജിന്റെ കമൽ ഹാസൻ ചിത്രം വിക്രം ഇന്ത്യൻ ബോക്സോഫീസിലും ആഗോള ബോക്സോഫീസിലും തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. മൂന്ന് ദിവസം കൊണ്ട് 150 കോടി ആഗോള കളക്ഷൻ നേടിയ ചിത്രം ഇപ്പോൾ ഇരുന്നൂറു കോടിയിലേക്കുള്ള കുതിപ്പിലാണ്. ഒരാഴ്ച കൊണ്ട് മുന്നൂറു കോടി ക്ലബിൽ 'വിക്രം' ഇടം പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്തായാലും  കമൽഹാസന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് വിക്രം മുന്നേറിക്കൊണ്ടിരിക്കുന്നത്. 

ഇപ്പോഴിതാ വിക്രത്തിന്റെ ഗംഭീര വിജയത്തിന് സംവിധായകൻ ലോകേഷ് കനകരാജിന് കത്തയിച്ചിരിക്കുകയാണ് കമല്‍ഹാസന്‍. തമിഴിൽ എഴുതി തനിക്ക് കിട്ടിയ കത്ത് ലോകേഷ് തന്നയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'ലൈഫ് ടൈം സെറ്റില്‍മെന്റ് ലെറ്റര്‍’ എന്നാണ് കത്ത് പങ്കുവെച്ച് ലോകേഷ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.

'ഈ കത്ത് വായിക്കുമ്പോൾ ഞാൻ എത്രമാത്രം വികാരഭരിതനാണെന്ന് വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയില്ല. നന്ദി കമൽ ഹാസൻ ആണ്ടവരെ.'കത്ത് പങ്കുവെച്ചുകൊണ്ട് ലോകേഷ് കുറിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു. 

‘എന്റെ ആരാധകന്റെ കഴിവില്‍ ഞാന്‍ ഇന്ന് ഒന്നാമത് ആയിരിക്കുന്നതില്‍ സന്തോഷമുണ്ട്’ എന്ന് കമല്‍ഹാസന്‍ കത്തില്‍ പറയുന്നത്. സോഷ്യൽ  മീഡിയ പേജുകളിൽ ഹിറ്റായി മാറിയിരിക്കുകയാണ് കമൽ ഹാസന്റെ ഈ കത്ത്.