'സേനാപതി തിരിച്ചുവരുന്നു'; ഇന്ത്യന്‍ 2 ചിത്രീകരണം പുനരാരംഭിച്ചു

വിക്രം സിനിമയുടെ വലിയ വിജയത്തിന് ശേഷം കരിയറിലെ കമലിന്‍റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ഇന്ത്യന്‍റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. ആദ്യ ഭാഗം ഒരുക്കിയ ശങ്കർ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെയാണ് ചിത്രീകരണം പുനരാരംഭിക്കുക. കാജല്‍ അഗര്‍വാളും ബോബി സിംഹയും ഉള്‍പ്പെടുന്ന രംഗങ്ങളാണ് തുടക്കത്തില്‍ ചിത്രീകരിക്കുക. ഇപ്പോൾ യുഎസില്‍ ഉള്ള കമല്‍ ഹാസന്‍ തിരിച്ചെത്തിയതിനു ശേഷമാവും അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ ചിത്രീകരിക്കുക.

1996 ല്‍ റിലീസ് ചെയ്ത സിനിമയുടെ രണ്ടാം ഭാഗം 2018ലാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രീകരണം ആരംഭിച്ച ശേഷം പലവിധ കാരണങ്ങളാല്‍ സിനിമയുടെ പ്രവര്‍ത്തനം നിര്‍ത്തിവേക്കേണ്ടി വന്നു. ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി തന്നെ ബാധിച്ചിരുന്നു. 

1996 മെയ് 9ന് റിലീസ് ചെയ്ത ഇന്ത്യന്‍ ആദ്യ ഭാഗം തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. കമല്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രം ദക്ഷിണേന്ത്യന്‍ ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. സുകന്യ, കസ്തൂരി, മനീഷ കൊയ്രാള, ഊര്‍മിള മധോത്കര്‍, നെടുമുടി വേണു എന്നിവരായിരുന്നു ആദ്യ പതിപ്പിലെ പ്രധാന താരങ്ങള്‍.