ശരീരം തുറന്നുകാട്ടി വസ്ത്രമിടണം; മയക്കു മരുന്നു നൽകി പീഡിപ്പിക്കും; ക്രൂരം

മുസാഫര്‍പൂരിലെ സർക്കാർ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ക്രൂര പീഡനത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പൊലീസ് റിപ്പോർട്ടിനെ സ്ഥിരീകരിക്കുന്ന കൂടുതൽ കാര്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ശരീരഭാഗങ്ങൾ തുറന്നു കാട്ടുന്ന രീതിയിലുളള വസ്ത്രങ്ങൾ നിർബന്ധിതമായി പെൺകുട്ടികളെ  ധരിപ്പിക്കുമെന്നും അശ്ലീല ഗാനങ്ങൾക്ക് നൃത്തം ചവിട്ടാൻ നിർബന്ധിക്കുമെന്നും ഒടുവിൽ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുമെന്നും കുറ്റപത്രത്തിൽ പറയുന്നു. 

പെൺകുട്ടികളെ അതിനീചവും ക്രൂരവുമായിട്ടായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ബലാത്സംഗനീക്കം പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ പീഡിപ്പിക്കപ്പെടുകയും മര്‍ദ്ദനത്തിന് ഇരയാക്കപ്പെടുകയും ചെയ്യുമായിരുന്നെന്ന് സിബിഐ പറയുന്നു. സര്‍ക്കാര്‍ തലത്തില്‍ വലിയ സ്വാധീനമുള്ള ബ്രിജേഷിനെതിരേ നടക്കുന്ന അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനത്തിന് പുറത്തെ ഏതെങ്കിലും ജയിലില്‍ അയാളെ പാര്‍പ്പിക്കാന്‍ നേരത്തേ സുപ്രീംകോടതി പറഞ്ഞിരുന്നു.

42 പെൺകുട്ടികളിൽ 34 പേരും ചൂഷണത്തിന് ഇരയായി എന്നുളളത് രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന സംഭവമായിരുന്നു. ബിഹാറിൽ ഞെട്ടി വിറച്ച കേസിൽ ഇരുപതോളം രാഷ്ട്രീയ നേതാക്കളെയും ബിസിനസുകാരെയും പ്രതി ചേർത്തിരുന്നു. 73 പേജ് വരുന്ന കുറ്റപത്രമാണ് സിബിഐ സമർപ്പിച്ചത്. വര്‍ഷങ്ങളായി അഭയകേന്ദ്രം നടത്തുന്ന ബീഹാറിലെ അനേകം രാഷ്ട്രീയക്കാരുമായി ബന്ധമുള്ള ബ്രിജേഷ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

സേവ സങ്കല്പ് ഇവം വികാസ് സമിതിയിലെ കുട്ടികളാണ് പീഡനത്തിനിരയായത്. ബ്രജേഷ് ഠാക്കൂര്‍, വിനീത് കുമാര്‍ എന്നിവരാണ് അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സോഷ്യല്‍ ഓഡിറ്റിനെത്തിയപ്പോഴാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഷെല്‍ട്ടര്‍ ഹോം അടച്ചുപൂട്ടിയ പോലീസ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. 

ബ്രജേഷും വിനീതും മാത്രമല്ല പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിരിക്കുന്നത്. പല അവസരങ്ങളിലും ഇവര്‍ പെണ്‍കുട്ടികളെ പുറത്തേയ്ക്ക് എത്തിച്ചുനല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. പെണ്‍കുട്ടികളെ ശാരീരികമായി ഉപയോഗിക്കാന്‍ ചിലര്‍ അഭയകേന്ദ്രത്തിലേയ്ക്ക് വന്നുപോയിരുന്നുവെന്നും പോലീസ് പറയുന്നു.