റെയിൽവെ സ്റ്റേഷൻ പഠനമുറി; വൈദ്യുതവിളക്കിന് കീഴിൽ അറിവുനുകർന്ന് ആയിരങ്ങൾ

ബിഹാറിലെ സാസാറാം റെയിൽവെ സ്റ്റേഷൻ സാധാരണ റെയിൽവെ സ്റ്റേഷനുകൾ പോലെയല്ല. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്റ്റേഷൻ പരിശീലനകേന്ദ്രമായി മാറും. 

ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളിൽ രാവിലെയും വൈകീട്ടും ചെന്നാൽ ഒരുകൂട്ടം യുവാക്കൾ പഠനസാമഗ്രികളുമായി ഇരിക്കുന്നത് കാണാം. രണ്ടുമണിക്കൂർ നേരത്തേക്ക് ഈ പ്ലാറ്റ്ഫോമുകൾ പരിശീലനകേന്ദ്രങ്ങളായി മാറും. യുവാക്കൾ അവിടെയിരുന്ന് വിവിധ പ്രവേശനപരീക്ഷകൾക്കും മറ്റുമായി പഠിക്കുന്നത് കാണാം. ഈ വിദ്യാർഥികളെ സഹായിക്കുന്നതിനായി പാട്ന റെയിൽവെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനായ ജിതേന്ദ്ര മിശ്ര 500 യുവാക്കൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകിയിട്ടുണ്ട്. ഇവരെല്ലാവരും അവിടെ ഒരു വൈദ്യുത വിളക്കിന്റെ വെട്ടത്തിലിരുന്ന് വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നു. 

വിവിധ പരീക്ഷകളിൽ വിജയിച്ച ഗവൺമെന്റ് ജോലി നേടിയവർ ഇവർക്കായി പരിശീലനം നൽകുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് പരിശീലനം. ഏകദേശം 1200 ഓളം പേർ ഇവിടെയെത്തി പരിശീലനം തേടുന്നുണ്ട്. ആനുകാലിക വിഷയങ്ങൾക്ക് പുറമെ ഗണിതം, ഭാഷ, എന്നിവയെല്ലാം ഇവിടെ പരിശീലിപ്പിക്കുന്നു. 

ഒരു ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നത് എങ്ങനെ എന്നുവരെ ഇവിടെ നിന്ന് പരിശീലിപ്പിക്കുന്നു. സ്റ്റേഷനിലെ ഓരോ കടയിലുള്ളവര്‍ക്കും ഇവരെ അറിയാം. ഇവരെ വിളിക്കുന്നത് തന്നെ 'സ്റ്റേഷന്‍ ബോയ്സ്' എന്നാണ്. ചില വിദ്യാര്‍ത്ഥികള്‍ രാത്രി മുഴുവന്‍ ഇവിടെയിരുന്ന് പഠിക്കുന്നവരുമുണ്ട്.

സീനിയേഴ്സിന്‍റെ പിന്തുണയും വൈദ്യുതിയും വിദ്യാര്‍ത്ഥികളെ വീണ്ടും വീണ്ടും ഇവിടെയെത്തിക്കുന്നു. പല സ്വപ്നങ്ങളുമായി അവര്‍ സ്റ്റേഷനിലെ പഠനവും പരിശീലനവും തുടരുകയാണ്.