ട്വിറ്ററിൽ സൗഹൃദം മിണ്ടിപ്പറഞ്ഞ് സുഷമയും തരൂരും; ലൈക്കടിച്ച് അണികൾ

രാഷ്ട്രീയം മാറ്റിവച്ച് ട്വിറ്ററിൽ സൗഹൃദം പറഞ്ഞ് സുഷമ സ്വരാജും ശശി തരൂരും. ഇരുവരുടെയും ട്വീറ്റുകൾക്ക് ലൈക്ക് നൽകി സോഷ്യൽ ലോകവും ആ സ്നേഹത്തിനൊപ്പം പങ്കുചേരുകയാണ്. ഇനി ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം. അനാരോഗ്യം കാരണം ഇനി മൽസരരംഗത്തുണ്ടാവില്ലെന്നും അന്തിമ തീരുമാനം പാർട്ടിയാണ് സ്വീകരിക്കേണ്ടതെന്നുമായിരുന്നു സുഷമയുടെ പ്രതികരണം.

ഇൗ തീരുമാനത്തോട് ശശി തരൂർ ട്വിറ്ററിൽ പ്രതികരിച്ചതിങ്ങനെ. ‘ഞങ്ങൾ തമ്മിലുളള എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങളും നിലനിർത്തിക്കൊണ്ട് തന്നെ, സുഷമ സ്വരാജ് പാർലമെന്റിൽ നിന്നും പോകുന്നത് എന്നെ ഏറെ വിഷമിപ്പിക്കുന്നതാണ്.  ഔട്ട്ലുക്കിന്റെ സോഷ്യൽ മീഡിയ അവാർഡുകളുടെ ജൂറിയെന്ന നിലയിൽ അവരുടെ ട്വിപ്ലോമസിയെ ആദരിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പാർലമെന്റിന്റെ വിദേശകാര്യകമ്മിറ്റിയുടെ ചെയർപേഴ്സൺ എന്ന നിലയിൽ മന്ത്രിയെന്ന നിലയിൽ സ്നേഹം നിറഞ്ഞ ഇടപെടലാണ് ഉണ്ടായത്.’ സൗഹൃദത്തിന്റെ  ഇൗ ട്വീറ്റിന് മറുപടിയുമായി സുഷമയും രംഗത്തെത്തി. 

‘നന്ദിയുണ്ട് ശശി. നമ്മൾ ഇപ്പോഴുളള അതേ നിലയിൽ തന്നെ തുടരണമെന്ന് ഞാനാഗ്രഹിക്കുന്നു’ എന്നാണ് സുഷമ തരൂരിന് മറുപടി നൽകിയത്. എന്നാൽ ഈ വാചകത്തിന് താഴെ മറുപടിയുമായി തരൂർ വീണ്ടും എത്തി.‘നന്ദി സുഷ സ്വരാജ്. ജനങ്ങൾ അത് തീരുമാനിക്കട്ടെയെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ആശംസകൾ തരൂർ കുറിച്ചു. ഇരുവരും തമ്മിലുള്ള സൗഹൃദസംഭാഷണങ്ങളും സോഷ്യൽ ലോകത്ത് വൈറലായിരിക്കുകയാണ്.