'അഞ്ചു മിനിറ്റ് കൊണ്ടെത്തണം' കേട്ടത് അഞ്ചു ലക്ഷം; പിതാവിനെ കുടുക്കി പതിനൊന്നുകാരൻ

വഴക്കുപറഞ്ഞതിന് വീടുവിട്ടുപോയ പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയതാണെന്ന കരുതി പോലീസ് മണിക്കൂറുകളോളം വലഞ്ഞു. അഞ്ചു മിനിറ്റ് കൊണ്ടെത്തണമെന്ന കുട്ടിയുടെ ഫോൺ സന്ദേശം കുട്ടിയെ വിട്ടുനൽകാൻ അഞ്ച് ലക്ഷം രൂപ നല്കണമെന്ന് പിതാവ് കേട്ടതുകൊണ്ടുള്ള പിശകാണ് പൊലീസിനെ പൊല്ലാപ്പിലാക്കിയത്. നോയിഡയിലെ ഛിജാർസി പ്രവിശ്യയിലാണ് സംഭവം. പിതാവിന്റെ പലചരക്ക് കടയിൽ നിന്ന് കുട്ടി ഇടയ്ക്ക് പണം മോഷ്ടിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരിൽ പല തവണ കുട്ടിയെ വീട്ടുകാർ സ്ഥിരമായി വഴക്ക് പറയുമായിരുന്നു. തിങ്കളാഴ്ച്ച രാവിലെ പിതാവിന്റെ പണപ്പെട്ടിയിൽ നിന്ന് നൂറ് രൂപ മോഷ്ടിച്ചത് വീട്ടുകാർ കണ്ടെത്തുകയും വഴക്ക് പറയുകയും ചെയ്തിരുന്നു. ഈ ദേഷ്യത്തില്‍ സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകാതെ കുട്ടി ഒരു അപരിചിതന്റെ ബൈക്കിൽ കയറി ഗ്രേറ്റർ നോയിഡയിലെ ബിസ്രാക്കിലേക്ക് പോയി. അവിടെ ചുറ്റിത്തിരിഞ്ഞ് കുറേ നേരം കഴിഞ്ഞപ്പോഴാണ് വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. വഴിയിൽ കണ്ട ആളുടെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ച് പിതാവിനോട് അഞ്ച് നിമിഷത്തിനുള്ളിൽ അവിടേക്ക് എത്താൻ ആവശ്യപ്പെട്ടു. തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

വീട്ടുകാർ പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതായി പരാതി നൽകി. കുട്ടിയെ വിട്ടുകിട്ടാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും പറഞ്ഞു. വിളിച്ച ഫോണിലേക്ക് പോലീസ് തിരികെവിളിച്ചപ്പോൾ അത് സ്വിച്ച് ഓഫ് ആണെന്ന് മറുപടിയാണ് ലഭിച്ചത്. ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഒടുവിൽ മൊബൈൽ  ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പോലീസ് ഫോണുടമയെ കണ്ടെത്തി. അയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് തെരുവിൽ അലഞ്ഞിരുന്ന കുട്ടിയെ കണ്ടെത്തി.

ആശയവിനിമയത്തിലുണ്ടായ വീഴ്ചമൂലം കുടുങ്ങിയത് കുട്ടിയുടെ പിതാവാണ്. മകൻ ഫോണിലുട സംസാരിച്ചപ്പോൾ കേട്ടതിലുണ്ടായ ആശയക്കുഴപ്പമാണെന്ന് പറഞ്ഞ്  തടിയൂരുകയായിരുന്നു.