സ്ഥാപക ദിനത്തില്‍ ശക്തിപ്രകടനം നടത്തി ഇന്ത്യന്‍ വ്യോമസേന

എന്‍പത്തി ആറാമത് സ്ഥാപക ദിനത്തില്‍ ശക്തിപ്രകടനം നടത്തി ഇന്ത്യന്‍ വ്യോമസേന. മിഗ്, മിറാഷ് പോര്‍വിമാനങ്ങള്‍ അഭ്യാസപ്രകടനങ്ങളില്‍ പങ്കാളികളായി. ഒരുകാലത്ത് സേനയുടെ അഭിമാനമായിരുന്ന ഡക്കോട്ട വിമാനവും പറന്നു. ഡല്‍ഹിക്കടുത്ത് ഹിന്‍ഡന്‍ എയര്‍ബേസിലായിരുന്നു സ്ഥാപകദിനാഘോഷം.

അങ്ങനെ ആദ്യമായി ഡക്കോട്ട വിമാനം വ്യോമസേനാദിനാഘോഷത്തില്‍ പങ്കാളിയായി. ഡല്‍ഹിക്കടുത്ത് ഹിന്‍ഡന്‍ എയര്‍ബേസില്‍ നടന്ന അഭ്യാസപ്രകടനങ്ങളില്‍ വിങ് കമാന്‍ഡര്‍ ഉദയ്പ്രതാപ് സിങാണ് പഴയ ഡക്കോട്ട വിമാനം പറത്തിയത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് സേനയുടെ ഭാഗമായ ഡക്കോട്ട, 1947 -48 കാലത്തെ ഒന്നാം ഇന്ത്യാ–പാക് യുദ്ധത്തില്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. 1947 ഒക്ടോബര്‍ 27ന് കൃത്യസമയത്ത് സൈനികരുമായി പറന്നിറങ്ങിയില്ലായിരുന്നെങ്കില്‍ ശ്രീനഗര്‍ പാകിസ്ഥാന്‍ പിടിച്ചെടുത്തേനെ. ഈ വര്‍ഷം ആദ്യമാണ് ഡക്കോട്ട വിമാനം ബ്രട്ടനില്‍ അറ്റക്കുറ്റപ്പണി നടത്തി വീണ്ടും സേനയുടെ ഭാഗമാക്കിയത്. രാവിലെ എട്ടിന് തുടങ്ങിയ പരേഡില്‍ വ്യോമസേനാ മേധാവി ബി.എസ്. ദനേവ സല്യൂട്ട് സ്വീകരിച്ചു. കര, നാവിക നേനാ മേധാവികളും വ്യോമസേന അംബാസിഡര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ചടങ്ങില്‍ പങ്കെടുത്തു. സുഖോയ്, മിഗ്, മിറാഷ് പോര്‍വിമാനങ്ങളും  അഭ്യാസപ്രകടനങ്ങളുടെ ഭാഗമായി.