സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കാന്‍ ജി.പി.എസ് അധിഷ്ഠിത ഉപകരണം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കാന്‍ പുതിയ ജി.പി.എസ് അധിഷ്ഠിത ഉപകരണവുമായി ബെംഗളൂരുവിലെ യൂണി ജി.പി.എസ് സൊല്യൂഷന്‍സ്. വാച്ചിന്റെ രൂപത്തിലുള്ള ഉപകരണം വഴി, ലൊക്കേഷന്‍ കണ്ടെത്താനും സന്ദേശങ്ങള്‍ അയയ്ക്കാനും. ടു വേ കോളിങ്ങിനും സംവിധാനമുണ്ട്.  

യൂണിസുരക്ഷ എന്നപേരില്‍ പുറത്തിറക്കിയിരിക്കുന്ന ഉപകരണങ്ങള്‍ ജി.പി. എസ് അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യയിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്.  വാച്ചിന്റെ രൂപത്തില്‍ കയ്യില്‍ കെട്ടാവുന്നതും, പേഴ്സിനുള്ളില്‍ വയ്ക്കാവുന്ന രൂപത്തിലുമായി രണ്ട് മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ലോകത്തിലെവിടെയായിരുന്നാലും ഇരുപത്തിനാല് മണിക്കൂറും വിവരങ്ങള്‍ ലഭ്യമാകും.അപകട സാഹചര്യമുണ്ടായാല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തി രക്ഷിതാക്കള്‍ക്ക് സന്ദേശം നല്‍കാന്‍ കഴിയും. ആവശ്യഘട്ടങ്ങളില്‍ ടുവേ കോളിംഗിനും സംവിധാനമുണ്ട്. രക്ഷിതാക്കള്‍ക്ക് ലൊക്കേഷനും ചലനങ്ങളും തത്സമയം കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ നീരീക്ഷിക്കാനുമാകും. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമങ്ങള്‍ വര്‍‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബോധവല‍്ക്കരണത്തിനുളള പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് യൂണി ജി.പി.എസ് സൊല്യൂഷന്‍സ്. ഒപ്പം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ അന്വേഷണം എളുപ്പമാക്കാന്‍ പൊലീസിനും മറ്റും സഹായങ്ങള്‍ നല്കാനുമാണ് കമ്പനിയുടെ പദ്ധതി.