പ്രളയത്തിന്റെ മറവില്‍ ബെംഗളൂരുവില്‍ വൻ മോഷണം; സ്വർണവും പണവും കവർന്നു

പ്രളയത്തിന്റെ മറവില്‍ ബെംഗളുരുവില്‍ ആഢംബവീടുകള്‍ കേന്ദ്രീകരിച്ചു കൊള്ള. സമ്പന്നര്‍ ഏറെ താമസിക്കുന്ന സര്‍ജാപൂരിലെ മൂന്നുവീടുകള്‍ കുത്തിത്തുറന്നു സ്വര്‍ണവും രത്നനാഭരണങ്ങളും കവര്‍ന്നു. വീടുകള്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഉടമകള്‍ മറ്റിടങ്ങളിലേക്കു മാറിയ സമയത്താണു കവര്‍ച്ച.

നിര്‍ത്താതെ മഴപെയ്തപ്പോള്‍ ഇന്ത്യയുടെ സിലിക്കണ്‍വാലിയുടെ ദയനീയത ഇങ്ങനെയായിരുന്നു. സമ്പന്നര്‍ ഏറെ താമസിക്കുന്ന പ്രദേശങ്ങള്‍ ഏതാണ്ടു മുങ്ങിപ്പോയി. രാത്രി വെള്ളം ഇരച്ചെത്തിയതോടെ പലരും ഉടുമുണ്ടുമായി സൂരക്ഷിത സ്ഥാനങ്ങളിലേക്കുമാറി. ഈസാചര്യം കള്ളന്‍മാര്‍ നല്ലരീതിയില്‍ മുതലെടുത്തുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സര്‍ജാപൂരിലെ റയിന്‍ബോ ഡ്രൈവ് ലേ ഔട്ടിലെ വില്ലകളിലാണു വ്യാപക കൊള്ള നടന്നത്. അരയാള്‍ക്കൊപ്പം വെള്ളം കയറിയിരുന്ന ഇവിടെ വില്ലകളുടെ ജനലുകളും വാതിലുകളും തകര്‍ത്താണു കള്ളന്മാര്‍ അകത്തുകയറിയത്.

വെള്ളം ഇറങ്ങി തുടങ്ങിയതോടെ ഉടമകള്‍ തിരിച്ചെത്തിയപ്പോഴാണു കവര്‍ച്ച വിവരം അറിയുന്നത്. ഇതുവരെ മൂന്നു വില്ലകളുടെ ഉടമകള്‍ പൊലീസില്‍ പരാതി നല്‍കി. ഒരു വീട്ടില്‍ നിന്നു 22 പവന്‍ സ്വര്‍ണവും 5 രത്നാഭരണങ്ങളും കാണാതായി. രണ്ടാമത്തെ വീട്ടില്‍ നിന്നും17 പവന്‍ സ്വര്‍ണവും 2 രത്നാഭണങ്ങളും നഷ്ടമായി. മൂന്നാത്തെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ക്കു പുറമെ കിലോകണക്കിനു വെള്ളിയും നഷ്ടമായെന്നാണു മൊഴി. ബെലന്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെള്ളം പൊങ്ങിയതോടെ മേഖലയില്‍ വൈദ്യുതി വിതരണം നിലച്ചിരുന്നു. ഇതോടെ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ നിശ്ചലമായി. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്.