വെള്ളപ്പൊക്ക ദുരിതം തീരാതെ ബെംഗളുരു; മലയാളികള്‍ക്കു കോടികളുടെ നഷ്ടം

ബെംഗളുരുവിലെ പെരുംമഴയിലും വെള്ളപ്പൊക്കത്തിലും മലയാളികള്‍ക്കു കോടികളുടെ നഷ്ടം. മലയാളികള്‍ ഏറെയുള്ള മാര്‍ത്തനഹള്ളി ഔട്ടര്‍ റിംഗ് റോഡ്,സര്‍ജാപുര, മാറത്തഹള്ളി മേഖലകളിലാണു പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. 

ഇന്ത്യയുടെ സിലിക്കന്‍ വാലിയുടെ ഇപ്പോഴത്തെ കാഴ്ച ഇങ്ങനെയാണ്. ഐ.ടി. കമ്പനികളുടെ കോര്‍പ്പറേറ്റ് ആസ്ഥാനങ്ങള്‍ അടക്കം വെള്ളത്തിനടിയിലാണ്. കോടികള്‍ വിലവരുന്ന കാറുകളും എസ്.യു.വികളും വിട്ട് മാലിന്യം നീക്കുന്ന കോര്‍പ്പറേഷന്റെ ട്രാക്ടറുകളില്‍ ജീവനും കൈപിടിച്ചു രക്ഷാ തുരുത്തുകളിലേക്കു പോകുന്നവരും നിരവധി. മലയാളികള്‍ ഏറെയുള്ള  മഹാദേവപുര,സര്‍ജാപുര, വര്‍ത്തൂര്‍, വൈറ്റ് ഫീല്‍‍ഡ്, മാറത്തഹള്ളി, ഔട്ടര്‍ റിങ് റോഡ് എന്നിവടങ്ങളിലെ വില്ലകളില്‍ ഏറെയും വെള്ളത്തിനടിയിലായി.

അര്‍ദ്ധരാത്രി വെള്ളം കുതിച്ചെത്തിയപ്പോള്‍ ഉടുതുണിക്കു മറുതുണിയില്ലാതെ രക്ഷപ്പെട്ടോടിടുകയായിരുന്നു മിക്കവരും വെള്ളത്തോടപ്പം പാമ്പും ഇഴജന്തുക്കളും ഒഴുകിയെത്തിയതിനാല്‍ വീടിനുള്ളില്‍ കയറാനും കഴിയുന്നില്ല.

പെരന്തൂര്‍ തടാകം നിറഞ്ഞുകവിഞ്ഞതാണു അപ്രതീക്ഷിത പ്രളയത്തിനു കാരണം. സാധാരണ കിട്ടുന്നതിന്റെ 307 ശതമാനം അധികം മഴയാണ് ഒരാഴ്ചകൊണ്ടു നഗരത്തില്‍ പെയ്തൊഴിഞ്ഞത്. 90 ശതമാനം തടാകങ്ങളും ചെറുതോടുകളും നിറഞ്ഞുകവിഞ്ഞതിനാല്‍ വെള്ളക്കെട്ട് മാറാന്‍ ദിവസങ്ങളെടുക്കുമെന്നാണു രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.