വളര്‍ത്തുനായയെ വീട്ടില്‍ നിന്ന് മാറ്റണമെന്ന് പറഞ്ഞിട്ട് കേട്ടില്ല; യുവതിയും കുഞ്ഞും ജീവനൊടുക്കി

പ്രതീകാത്മക ചിത്രം

ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് വളര്‍ത്തുനായയെ വീട്ടില്‍ നിന്ന് മാറ്റണമെന്ന ആവശ്യം ഭര്‍തൃവീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയും മകളും ആത്മഹത്യ ചെയ്തു. ബെംഗളൂരു ബനസ് വാടി എച്ച്.ബി.ആര്‍. ലേ ഔട്ടിലുള്ള ശ്രീനിവാസന്‍ എന്നയാളുടെ ഭാര്യ ദിവ്യ പതിമൂന്ന് വയസ്സുകാരിയായ മകള്‍ ഹൃദ്യ എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മുപ്പത്തിയാറുകാരിയായ ദിവ്യയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ശ്വാസതടസ്സവും ത്വക്ക് സംബന്ധമായ രോഗങ്ങളും കൂടിയതോടെ ചികിത്സ തേടിയ ഇവരോട് വളര്‍ത്തുനായയെ വീട്ടില്‍ നിന്ന് മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഇതിന് സമ്മതിച്ചില്ല എന്നാണ് ദിവ്യയുടെ അച്ഛന്‍ ആരോപിക്കുന്നത്. ഇദ്ദേഹത്തിന്‍റെ പരാതി പ്രകാരം ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ദിവ്യയുടെ ഭര്‍ത്താവ് ശ്രീനിവാസിനേയും ഇയാളുടെ അമ്മ വസന്ത പിതാവ് ജനാര്‍ദ്ധന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. 

വളര്‍ത്തുനായയെ വീട്ടില്‍ തന്നെ നിര്‍ത്തിയാല്‍ താനും മകളും ആത്മഹത്യ ചെയ്യുമെന്ന് ദിവ്യ തന്നോട് പറഞ്ഞിരുന്നതായി പിതാവ് രാമന്‍ പറഞ്ഞു. ‘ഈ ആവശ്യം ഉന്നയിച്ചപ്പോഴെല്ലാം ആ വീട്ടിലുള്ളവര്‍ വളരെ മോശമായ രീതിയിലാണ് മകളോട് പെരുമാറിയത്. തെരുവുനായകളില്‍ നിന്നുള്ള അലര്‍ജിയാണ് ദിവ്യയ്ക്കെന്നാണ് അവര്‍ പറഞ്ഞത്. ദിവ്യ മരിച്ചാലും പ്രശ്നമില്ലെന്ന് പറഞ്ഞാണ് അവര്‍ നായയെ വീട്ടില്‍ തന്നെ നിര്‍ത്തിയത്’– എന്നും ദിവ്യയുടെ പിതാവ് ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം രാവിലെ ഏഴരയായിട്ടും ദിവ്യയേയും മകളെയും റൂമിന് വെളിയില്‍ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് ഇരുവരേയും റൂമിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.