ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങള്‍; ബിജെപിയെ അടപടലം ട്രോളി ദിവ്യ സ്പന്ദന

ഇന്ധനവിലയില്‍ പുറത്തുവിട്ട ഗ്രാഫ് പൊളി‍ഞ്ഞതിന് പിന്നാലെ ബിജെപിക്ക് ട്രോള്‍ വര്‍ഷം തുടരുന്നു. മുടന്തൻ ന്യായീകരണങ്ങളെ ട്രോളി മുൻ എംപിയും കോൺഗ്രസ് സമൂഹ മാധ്യമ വിഭാഗം മേധാവിയുമായ നടി ദിവ്യ സ്പന്ദന രംഗത്ത്. പൈതഗോറസ്, ആൽബർട് ഐൻസ്റ്റീൻ, ഐസക് ന്യൂട്ടൻ എന്നിവരുടെ കൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉൾപ്പെടുന്ന ചിത്രത്തോടു കൂടിയുളള രമ്യയുടെ ട്രോളിന് സമൂഹമാധ്യമങ്ങൾ ഒന്നടക്കം കയ്യടിച്ചു കഴിഞ്ഞു. ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങളെന്ന ദിവ്യയുടെ അടിക്കുറിപ്പും ചിത്രവും ബിജെപി വിരുദ്ധ സംഘങ്ങള്‍ക്ക് വിരുന്നായി. ഇന്ധനവില 56.71ൽനിന്നു 72.83 ആയപ്പോൾ ശതമാനക്കണക്കിലെ കുറവ് കാണിച്ചുള്ള ബാർ ചാർട്ടും ചിത്രത്തിലുണ്ട്.

യുപിഎ കാലത്തെയും മോദി ഭരണത്തിലെയും ഇന്ധന വിലയെ താരതമ്യം ചെയ്തു കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ ന്യായീകരണ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വിവിധ വര്‍ഷങ്ങളിലെ ദില്ലിയിലെ ഇന്ധന വിലയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു പ്രചാരണം. മോദി ഭരണകാലത്ത് പെട്രോള്‍ വില 13 ശതമാനം മാത്രമാണ് വര്‍ധിച്ചതെന്ന് ബിജെപി ട്വീറ്റിലൂടെ അവകാശപ്പെട്ടു. നേരത്തേ 42 ഉം 83.7 ശതമാനവും ഉള്ള വർധന 2018ൽ 28% മാത്രമായി കുറഞ്ഞെന്നായിരുന്നു ബിജെപിയുടെ കണ്ടെത്തൽ‌. 

എന്നാൽ തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ഇതിനു മറുപടി നൽകിയിരുന്നു. രാജ്യാന്തര തലത്തിലെ ക്രൂഡ് ഓയിൽ വിലയും രാജ്യത്തെ ഇന്ധനവിലയും താരതമ്യപ്പെടുത്തിയായിരുന്നു കോൺഗ്രസിന്റെ മറുപടി. 2014–18ൽ ക്രൂഡ് ഓയിൽ വില 34 ശതമാനത്തിന്റെ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവില 13% കൂടിയെന്നും കോൺഗ്രസ് വ്യക്തമാക്കി.